കോഴിക്കോട് കണ്ണാടിക്കലിൽ നിന്ന് വീൽ ചെയറിൽ ലോകം കണ്ട് തുടങ്ങിയ, ഇന്ന് കേരളത്തിലെ ആദ്യത്തെ വീൽ ചെയർ മോഡലായി മാറിയ ഒരു പെൺകുട്ടിയുണ്ട്, പേര് രമ്യ ഗണേഷ്. ചെറുപ്പത്തിലെ പോളിയോ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് പരസഹായമില്ലാതെ രമ്യക്ക് നടക്കാൻ സാധിക്കില്ലായിരുന്നു. പത്താം ക്ലാസ് വരെ അമ്മയുടെയും കൂട്ടുകാരുടെയും കൈ പിടിച്ച് സ്കൂളിൽ പോയിരുന്ന രമ്യയ്ക്ക്, അച്ഛന്റെ മരണത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. സഹോദരനും സഹോദരിയും അമ്മയും ചേർന്നതായിരുന്നു പിന്നീട് രമ്യയുടെ ലോകം. പഠനം അവസാനിപ്പിക്കേണ്ടി വന്നതോടെ പുറം ലോകവുമായി ബന്ധം നഷ്ട്ടപ്പെട്ട രമ്യയുടെ ജീവിതം വീടും ചുറ്റുവട്ടത്തുള്ള കുട്ടികളും സഹോദരങ്ങളും ടി.വിയുമൊക്കെയായി മാറി.
നീണ്ട 8 വർഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം രമ്യയെ ചെറിയ രീതിയിലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. പ്രിയപെട്ടവരെല്ലാവരും കൂടെയുണ്ടായിരുന്നിട്ട് കൂടി രമ്യയുടെ മാനസീക നിലയെ അത് വല്ലാതെ ബാധിച്ചു. നേരമ്പോക്കെന്നവണ്ണം ടി.വി കാണലായിരുന്നു രമ്യയുടെ ഏക ആശ്രയം. പിന്നീട് എപ്പോഴോ പാത്രത്തിൽ കണ്ട പരസ്യം ഇന്നത്തെ രമ്യയിലേക്കുള്ള പരിണാമത്തിന്റെ ആദ്യ പടിയായിരുന്നു. ഡോ റെഡ്‌ഡി ഫൗണ്ടേഷൻ കോഴിക്കോട് വൈകല്യമുള്ളവർക്ക് വേണ്ടി 3 മാസത്തെ കോഴ്സ് നൽകുന്നത് പഠിക്കാൻ ചേർന്നു.
തന്നേക്കാളേറെ ബുദ്ധിമുട്ടുന്നവരുണ്ടെന്ന് മനസിലാക്കിയ രമ്യ കിട്ടിയ അവസരത്തെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. തന്നെ കൂടുതൽ സ്നേഹിക്കാനും പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനും സന്തോഷം കണ്ടെത്തി. പക്ഷേ ക്ലാസ് അവസാനിച്ച ശേഷവും വീട്ടിനകത്തുള്ള ജീവിതം രമ്യയെ അലട്ടി കൊണ്ടിരുന്നു. ഇങ്ങനെ തുടരാൻ കഴിയില്ല എന്ന് മനസ്സിലാക്കിയതോടെ തന്റെ അധ്യാപകന്റെ അഭിപ്രായ പ്രകാരമാണ് അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങാം എന്ന തീരുമാനത്തിൽ പാതി വഴി ഉപേക്ഷിച്ച വിദ്യാഭ്യാസം വീണ്ടും തുടരുന്നത്. തുടർന്ന് അധ്യാപകരുടെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയോടെ ഉയർന്ന മാർക്കോടെ മുപ്പതാം വയസ്സിൽ രമ്യ പത്താം ക്ലാസ്സ് പാസ്സായി. കേരള സാക്ഷരത മിഷൻ വഴി +2 നേടിയെടുത്ത് റെഗുലർ കോളേജിൽ ഡിഗ്രിക്ക് ചേർന്ന ആദ്യ വ്യക്തിയായി രമ്യ മാറി.
പ്രായ വിത്യാസമുള്ളത് കൊണ്ടും വൈകല്യമുള്ളത് കൊണ്ടും ഡിഗ്രിക്ക് ചേരുന്നതിനെ പറ്റി ആശങ്കകളേറെയുണ്ടായിട്ടും സഹപാഠികളുടെ സഹകരണമനോഭാവം രമ്യയുടെ ചിന്താഗതി തന്നെ മാറ്റി മറിച്ചു. പിന്നീട് തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ റാമ്പ് വാക് നടത്തിയാണ് ചരിത്രമെഴുതിയത്. കേരളത്തിലെ ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടി നടത്തുന്ന ചിത്ര പ്രദർശനം ‘സ്വപ്ന ചിത്ര’ക്ക് നേതൃത്വം കൊടുത്തതും രമ്യയാണ്. വീൽ ചെയറിൽ മുന്നോട്ട് പോകുന്നവരെ തളർത്താൻ ശ്രമിക്കുന്നവർക്കിടയിൽ രമ്യ ഇന്ന് ആഗ്രഹങ്ങളുടെ ആകാശത്ത് വീൽ ചെയറുമായി സ്വപ്‌നങ്ങൾ എത്തിപിടിക്കുകയാണ്.