നേപ്പാളിലെ കുമാരിയുടെ ജീവിതവും, അതിനു പിന്നിലെ ആചാരങ്ങളും എന്നും കൗതുകം തന്നെയാണ്. ചിരിക്കാൻ പോലും അനുവാദമില്ലാത്ത പെൺകുഞ്ഞുങ്ങൾ. ഇപ്പോൾ ഇതാ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾക്കും, വിശ്വാസങ്ങൾക്കും, പുതിയ അവകാശി എത്തിയിരിക്കുകയാണ്, 2 വയസ്സും 8 മാസവും മാത്രം പ്രായമുള്ള ആര്യതാര ശാക്യ. നേപ്പാളിലെ പുതിയ കുമാരിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ്.
ആരാണ് ഈ ജീവിക്കുന്ന ദേവത?
ശരിക്കും ആരാണ് ഈ ജീവിക്കുന്ന ദേവത? എന്തിനാണ് ഈ കൊച്ചു പെൺകുട്ടിയെ ഇത്രയും വലിയൊരു ചുമതലയിലേക്ക് തിരഞ്ഞെടുക്കുന്നത്? നേപ്പാളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൗതുകകരമായ ഈ കുമാരി പാരമ്പര്യത്തിന്റെ കഥ അറിയാം.
കുമാരി എന്ന വാക്കിനർത്ഥം കന്യക എന്നാണ്. നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയിലെ തദ്ദേശീയരായ നെവാരി സമുദായത്തിൽ ശാക്യ കുലത്തിൽ നിന്നാണ് കുമാരിമാരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നത് വരെ സാധാരണ ജീവിതം നയിക്കുന്ന ഒരു കുഞ്ഞ് പിന്നീട് ദൈവമായി മാറുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സംരക്ഷണത്തിനും വേണ്ടി ഭരണാധികാരികളും, സാധാരണ ജനങ്ങളും അവരെ ആരാധിക്കുന്നു. നേപ്പാളിലെ ഹിന്ദു മത വിശ്വാസികളാണ് കുമാരിമാരെ ആരാധിക്കുന്നത്.
കുമാരിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും നിസ്സാര കാര്യമല്ല. അതിന് കുറെ മാനദണ്ഡങ്ങൾ ഉണ്ട്. രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ളതും ശരീരം പൂർണ്ണ ആരോഗ്യവതിയുമായ പെൺകുട്ടിയായിരിക്കണം. ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടാകാൻ പാടില്ല, പല്ലുകൾ എല്ലാം ഉണ്ടായിരിക്കണം. കട്ടിയുള്ള കൺപീലികൾ, താമര ഇതൾ പോലെയുള്ള കണ്ണുകൾ, അരയന്നത്തിന്റേതുപോലുള്ള ശബ്ദം, എന്നിങ്ങനെ 32 ലക്ഷണങ്ങൾ തികഞ്ഞ കുട്ടികളെയാണ് ഇതിനായി പരിഗണിക്കുക. ഇതിൽ അവസാനത്തെ നിർണ്ണായക ഘട്ടം എന്ന് പറയുന്നത്: ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിൽ, ബലി കൊടുത്ത മൃഗങ്ങളുടെ തലകൾ വെച്ച സ്ഥലത്ത് കൊണ്ട് പോയി കുട്ടിയെ നടത്തും. മൃഗബലികൾ നടക്കുന്ന മുറിയിൽ അവളെ ഒറ്റക്കിരുത്തും. ഇതിലും ജയിക്കുന്ന കുട്ടിയെയാണ് കുമാരിയായി തിരഞ്ഞെടുക്കുന്നത്.
കുമാരിയായി തിരഞ്ഞെടുത്ത കുട്ടി ചുവന്ന വസ്ത്രവും, മുടി മുകളിലേക്ക് കെട്ടിവച്ച്, നെറ്റിയിൽ കണ്ണിന്റെ ചിത്രവും വരച്ചിട്ടുണ്ടാകും. തലേജു എന്ന ദൈവത്തിന്റെ പ്രതിരൂപമാണ് ഇവർ എന്നാണു വിശ്വാസം. കഠിനമായ ആചാരങ്ങളാണ് ഇവർ വഹിക്കേണ്ടത്. അവൾ തന്റെ കുടുംബത്തിൽ നിന്ന് മാറി കുമാരിഘർ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിൽ താമസിക്കണം. കുമാരിയുടെ കാൽ തറയിൽ സ്പർശിക്കാൻ പാടില്ല. അവളുടെ ലോകം ക്ഷേത്രത്തിന്റെ നാല് ചുവരുകൾക്കുള്ളിലാണ്. ഉത്സവങ്ങൾക്കോ, ആഘോഷങ്ങൾക്കോ മാത്രമേ അവൾ പുറത്തിറങ്ങുകയുള്ളൂ. ആ സമയം കുമാരിയെ ചുമലിലേറ്റിയാണ് രഥത്തിലേക്ക് എഴുന്നള്ളിക്കുക. നിത്യവും ദേവിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യണം. അവർക്ക് മത്സ്യവും മാംസവും കഴിക്കാൻ പാടില്ല. കുമാരി ആരെ നോക്കി ചിരിച്ചാലും അയാൾ ഉടനെ മരണപ്പെടും എന്ന് ഇവർ വിശ്വസിക്കുന്നു.
ഈ ദൈവിക ജീവിതത്തിന് ഒരവസാനം ഉണ്ട്. ഋതുമതി ആകുന്നതോടെ അവരുടെ ദൈവിക ശക്തി നഷ്ടപ്പെടുന്നു. അതോടെ അവർ സാധാരണ പെൺകുട്ടിയായി മാറുന്നു. പിന്നീട് മറ്റൊരു പെൺകുട്ടിയെ പുതിയ കുമാരിയായി തിരഞ്ഞെടുക്കുന്നു. പണ്ട് എല്ലാം ഉപേക്ഷിച്ച് ഏകാന്ത ജീവിതം നയിക്കേണ്ടി വന്നിരുന്ന കുമാരിമാർക്ക് ഇന്ന് കൊട്ടാരത്തിനുള്ളിൽ ടിവി കാണാനും വിദ്യാഭ്യാസം നേടാനും ഉള്ള അനുവാദമുണ്ട്. ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമാണ്.















