14 വയസ്സിൽ കല്യാണം കഴിഞ്ഞ സീനത്ത് 45മത്തെ എത്തി നിൽക്കുമ്പോൾ ചെയ്യാത്തതായി ഒന്നുമില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ ? ചെറു പ്രായത്തിൽ കല്യാണം കഴിഞ്ഞ സീനത്ത് 18 വയസ്സോടെ രണ്ട് മക്കളുടെ മാതാവായി. എന്നിരുന്നാലും ആഗ്രഹങ്ങൾക്ക് വയസ്സില്ല എന്നതാണ് സീനത്ത് സ്വന്തം ജീവിതത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘ഹൗ ഓൾഡ് ആർ യു’ സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ‘നിരുപമ രാജീവ്’ എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ ഉദാഹരണം.
സിനിമ കണ്ടിറങ്ങിയ സീനത്തിന്റെ മനസ്സിലും തോന്നി പണം കൊടുത്ത് വിഷം വാങ്ങി തിന്നുന്നതിനു പകരം എന്ത് കൊണ്ട് വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങിക്കൂടാ എന്ന്. നിരുപമയെ മാതൃകയാക്കി മട്ടുപ്പാവ് കൃഷിയിലേക്ക് തിരിഞ്ഞ സീനത്ത് പിന്നീട് നെൽകൃഷി, കന്നുകാലികളെ വളർത്തൽ എന്ന് തുടങ്ങി തെങ്ങ് കയറ്റം, ട്രാക്ടർ ഓടിക്കുന്നതിൽ എത്തി നിൽക്കുന്നു. വീട്ടിലെ കൃഷി കണ്ട് അയൽവാസികൾക്കും ആഗ്രഹം തോന്നിയതോടെ അതൊരു കൂട്ടായ്മയ്ക്ക് രൂപം കൊള്ളാൻ കാരണമായി. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്രം നേടിക്കൊടുക്കുന്ന സുഹൃത്ത് എന്ന അർത്ഥത്തിൽ അതിന് ‘പെൺമിത്ര’ എന്ന പേരും നൽകി. വീട്ടിലെ ആവിശ്യങ്ങൾ കഴിച്ച് ബാക്കി വരുന്ന പച്ചക്കറികൾ വിൽക്കുന്നതിലൂടെ എല്ലാ മാസവും ആദ്യ ഞായറഴ്ച്ച നാട്ടുചന്തയും നടത്തി വരുന്നു.
ചുറ്റുവട്ടങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടാണ് സീനത്തും കൂട്ടരും മുന്നേറുന്നത്. ചിരട്ടയിൽ നിന്ന് കൗതുക വസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയ ഇവർ വിളക്ക്, പാത്രങ്ങൾ, തവികൾ എന്നിവയും ഉണ്ടാക്കുന്നു. പ്രദർശനങ്ങളും നാട്ടുചന്തകളും പ്രയോജനപെടുത്തി വില്പന നടത്തുന്നതിലൂടെ വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്രം എന്ന ആശയം മുന്നോട്ട് വെക്കുന്നു. ഇതിനെല്ലാം പുറമെ സീനത്ത് കരാട്ടെ, യോഗ, കളരി എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. യോഗയിൽ 3 മാസം കൊണ്ട് എളുപ്പത്തിൽ സപ്ലിറ്റ്‌സ് ചെയ്യാൻ സീനത്തിനു കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ടതാണ്.
അഞ്ചു വർഷമായി കരാട്ടെ അഭ്യസിക്കുന്ന സീനത്ത് ഈ മാസം ബ്ലാക്ക് ബെൽറ്റ് നേടി. കളരിയിലും പരിശീലനം നടത്തിയിട്ടുള്ള സീനത്ത് യോഗയ്ക്കും, കരാട്ടെക്കും പുറമേ കളരി പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. യോഗ ചാമ്പ്യൻഷിപ്പിൽ നാഷണൽ അവാർഡ്, സ്റ്റേറ്റ് മെഡൽ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായി മുന്നേറുന്ന സീനത്തിന് കാലങ്ങളേറെയായി അസുഖങ്ങളൊന്നുമില്ല. വീട്ടിലെ കോഴിയും താറാവും പശുവും തുടങ്ങി ഒരുപാട് പേർ ഇതിന് കാരണമാണ്. 40മത്തെ വയസ്സിൽ കരാട്ടെ പഠിക്കാനിറങ്ങിയപ്പോഴും കൃഷിയുമായി മുന്നോട്ട് പോയപ്പോഴും ഒരുപാട് പേർ അതും സ്വന്തം കുടുംബത്തിൽ നിന്ന് പോലും പരിഹാസങ്ങളുമായി മുന്നോട്ട് വന്നിരുന്നു. പക്ഷേ അതെല്ലാം ഊർജ്ജമാക്കിയെടുത്ത സീന്നത് കൈവരിച്ച നേട്ടം തന്നെക്കൊണ്ടൊന്നും സാധിക്കില്ല എന്ന് കരുതി വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ്.