1970ൽ ലൈസൻസ് എടുക്കുമ്പോൾ വലിയ രീതിയിൽ ജനശ്രദ്ധ നേടുമെന്ന് പുഷ്പലത പൈ അറിഞ്ഞില്ല. അതിലൂടെ ‘കേരളത്തിൽ ആദ്യമായി ലൈസൻസ് സ്വന്തമാക്കിയ വനിത’ എന്ന ചരിത്ര നേട്ടം പുഷ്പലത പൈയുടെ പേരിലുണ്ട്. അന്ന് എല്ലാവരും അത്ഭുത ജീവിയെ പോലെയാണ് പുഷ്പലതയെ നോക്കിയത്. സ്കൂൾ കുട്ടികൾ കൂകി വിളിച്ചു. പോലീസുകാർ അതിശയിച്ചു നിന്നു. പക്ഷെ അതൊന്നും ആ യുവതിയുടെ ധൈര്യത്തെ ബാധിച്ചതേയില്ല.
സ്കൂട്ടറുകൾ തന്നെ അപരിചിതമായിരുന്ന ആ കാലത്ത് വണ്ടി ഓടിച്ച് നടന്നപ്പോൾ നേരിട്ട കളിയാക്കലുകൾ ഒന്നും തന്നെ പുഷ്പലത ഗൗനിക്കാതെ മുന്നോട്ട് പോയി. 70കളിൽ എത്തി നിൽക്കുന്ന പുഷ്പലത പക്ഷേ ഇന്ന് അറിയപ്പെടുന്നത് ‘സ്കൂട്ടറമ്മ’ എന്നാണ്. കേരളത്തിൽ ആദ്യമായി സ്കൂട്ടർ സ്വന്തമാക്കിയ വനിതയും ഈ സ്കൂട്ടറമ്മയാണ്. സ്കൂട്ടറും കാറും ഓടിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പെൺകുട്ടിയാണെന്ന പേരിൽ വീട്ടുകാർ തീരെ പ്രോത്സാഹനം നൽകിയില്ല. പെൺകുട്ടിയല്ലേ അടക്കവും ഒതുക്കവും വേണമെന്നതായിരുന്നു വീട്ടുകാരുടെ നിലപാട്.
പതിനെട്ടാം വയസ്സിൽ വിവാഹിതയായി കൊച്ചിയിലെത്തിയപ്പോഴാണ് ആ ആഗ്രഹം പൂവണിഞ്ഞത്. പതിയെ പതിയെ വണ്ടി ഓടിക്കൽ പ്രിയമാക്കിയ പുഷ്പലതയ്ക്ക് ഈ കാര്യത്തിൽ കൂട്ടായത് ഭർത്താവ് ശാന്താറാം പൈയാണ്. ലാംബ്രട്ടയിൽ തുടക്കമിട്ട പുഷ്പലത പിന്നീടിറങ്ങിയ ഒട്ടു മിക്ക സ്കൂട്ടറുകളും ഓടിച്ചിട്ടുണ്ട്. 1969 മോഡൽ വെസ്പയാണ് ശാന്താറാം പുഷ്പലതയ്ക്ക് സമ്മാനമായി നൽകിയ ആദ്യ വണ്ടി. രണ്ട് വർഷം കൂടുമ്പോൾ വണ്ടി മാറ്റുന്നതും പതിവായി.
പുഷ്പലതയുടെ സഹോദരന് മംഗലാപുരത്ത് ഡ്രൈവിംഗ് സ്കൂൾ ഉണ്ടായിരുന്നു. അതിന്റെ ബ്രാഞ്ച് കൊച്ചിയിൽ തുടങ്ങിയതോടെ പുഷ്പലത ഡ്രൈവിംഗ് പരിശീലകയുടെ വേഷമണിഞ്ഞു. കൊച്ചിയിൽ ഇന്ന് ചീറി പാഞ്ഞ് പോകുന്ന പല സ്ത്രീകളുടെ ഡ്രൈവിംഗ് ഗുരു കൂടിയാണ് ഈ സ്കൂട്ടറമ്മ. അങ്ങനെയാണ് ‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേര് ലഭിക്കുന്നതും. അന്നെല്ലാം വണ്ടി ഓടിക്കാൻ പഠിപ്പിക്കുമ്പോൾ ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനും പഠിപ്പിക്കുമായിരുന്നു. ‘വനിത’ മാസികയുടെ മുഖചിത്രമായും പുഷ്പലത വന്നിട്ടിട്ടുണ്ട്.
മകൻ സതീഷ് ചന്ദ്ര പൈ, മകൾ ഐശ്വര്യ പൈ എന്നിവർ യു.എസ്.സിലാണ്. മക്കളുടെ ടെൻഷൻ കാരണം വണ്ടി ഓടിക്കൽ നിർത്തിയിരിക്കുന്ന സ്കൂട്ടറമ്മ കൊച്ചിയിലെ വീട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.