ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് കൃഷ്ണാതേജ ഐ.എ.എസ്. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന കൃഷ്ണതേജ പത്താം ക്ലാസ്, പ്ലസ് 2 പഠനത്തിന് ശേഷം എഞ്ചിനീയറിംഗ് ബിരുദം നേടി. ശേഷം ഒരു വർഷത്തോളം മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എഞ്ചിനീയറിംഗ് തനിക്ക് പറ്റിയ പണി അല്ല എന്ന് ബോധ്യമായത്. ആ അവസരത്തിൽ തന്റെ റൂംമേറ്റ് വഴിയാണ് ഐ.എ.എസ് എന്തെന്ന് കൃഷ്ണതേജ അറിയുന്നത്.
ഐ.എ.എസ് പഠിച്ചാൽ ജനങ്ങളെ സേവിക്കാമെന്ന് മനസ്സിലാക്കിയ കൃഷ്‌ണതേജ നിസ്വാർത്ഥമായ മനസ്സിനുടമയായിരുന്നു. ആദ്യ വർഷം ജോലിക്കിടയിൽ സമയം കണ്ടെത്തി പഠിക്കാൻ തുടങ്ങി. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ജോലി ഉപേക്ഷിച്ച് വീണ്ടും പരിശ്രമം തുടങ്ങി. രണ്ടാം വട്ടവും പരാജയമായിരുന്നു ഫലം. മൂന്നാം വട്ടവും തന്റെ പരമാവധി നൽകിയ ശേഷം തോൽവി ഏറ്റ് വാങ്ങേണ്ടി വന്നതോടെ ശ്രമങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. തന്നാൽ കഴിയുന്ന രീതിയിൽ പരിശ്രമിച്ചിട്ടും എന്ത് കൊണ്ട് മതിയായ വിജയം ലഭിക്കുന്നില്ല എന്നത് കൃഷ്ണതേജയെ അലട്ടി. ആയതിനാൽ തന്റെ സുഹൃത്തുക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തന്റെ നല്ല വശങ്ങൾ പറഞ്ഞു എന്നല്ലാതെ തെറ്റെന്താണെന്ന് അറിയാൻ സാധിച്ചില്ല. അങ്ങനെ മൂന്നാം വട്ടവും തോൽവി ഏറ്റ് വാങ്ങിയതോടെ ഐ.ടി മേഖലയിലെ ജോലി എന്ന തീരുമാനത്തിലെത്തി.
ആ തീരുമാനം തന്റെ സുഹൃത്തുക്കൾ വഴി ശത്രുക്കൾ അറിഞ്ഞതാണ് ഇന്ന് നാം കാണുന്ന കൃഷ്ണതേജ ഐ.എ.എസ്സിന്റെ ജീവിതത്തിൽ വഴി തിരിവായി മാറിയത്. തന്നെ കാണാൻ 3 ശത്രുക്കൾ വന്നെത്തുകയും തന്റെ പോരായ്മകൾ ചൂണ്ടി കാണിക്കുകയും ചെയ്തു. കൈയക്ഷരം മോശമാണെന്നും, നല്ല രീതിയിൽ എഴുതി ഫലിപ്പിക്കാനുള്ള കഴിവില്ല എന്നും, മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കില്ല എന്നതൊക്കെയായിരുന്നു അവർ ചൂണ്ടി കാണിച്ച പോരായ്മകൾ. അതോടെ ഒരു വട്ടം കൂടി ഐ.എ.എസ്സിന് വേണ്ടി ശ്രമിക്കും എന്ന തീരുമാനത്തിൽ വന്നെത്തി. മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിച്ച ശേഷം നാലാം ശ്രമത്തിനായി പരിശ്രമം തുടങ്ങി. ഇത്തവണ ശത്രുക്കൾ ചൂണ്ടി കാണിച്ച പോരായ്മകൾ തിരുത്തി തന്നെയാണ് മുന്നേറിയത്. കൈയക്ഷരം ശരിയാക്കാൻ ദിവസവും രണ്ട് മണിക്കൂറിനടുത്ത് നീക്കി വെച്ചു. എഴുതി ഫലിപ്പിക്കുന്ന രീതി മികവുറ്റതാക്കാൻ മുൻ ഐ.എ.എസ് ഓഫീസറുടെ അടുത്ത് തുടർച്ചയായി 1 വർഷം പരിശീലനം നടത്തി. സംസാരത്തിലുള്ള പോരായ്മകൾ നികത്താൻ വേണ്ടി ഐ.എ.എസ്സിന് പരിശീലിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകളെടുത്ത് കൊടുത്തു.
നാലാം തവണ ഐ.എ.എസ് പരീക്ഷയെഴുതിയ കൃഷ്ണതേജ പ്രിലിമിനറി പരീക്ഷയും, മെയിൻ പരീക്ഷയും, ഇന്റർവ്യൂയും ഓൾ ഇന്ത്യയിൽ 66മത് റാങ്കോടെ പാസ്സായി. തുടർന്ന് ആലപ്പുഴ കളക്ടറായി സർവീസിൽ പ്രവേശിച്ചു. ജീവിതത്തിൽ തോൽവികൾ സംഭവിക്കുന്നതിന്റെ കാരണങ്ങൾ ചെറുതായിരിക്കുമെന്നും, അത് മനസ്സിലാക്കി മുന്നേറിയാൽ ജയത്തിലെത്താൻ സാധിക്കുമെന്നതാണ് കൃഷ്ണതേജ ഐ.എ.എസ് തന്റെ ജീവിതത്തിലൂടെ മുന്നോട്ട് വെക്കുന്ന പാഠം. സന്തോഷങ്ങൾ കണ്ടെത്താൻ സുഹൃത്തുക്കൾ വേണ്ടത് പോലെ ജീവിതത്തിൽ പുരോഗമിക്കാൻ ശത്രുക്കളെയും ആവിശ്യമുണ്ടെന്നാണ് കൃഷ്ണതേജയുടെ അഭിപ്രായം.