കേരളത്തിൽ ആദ്യമായി ഹെവി ഡ്രൈവിംഗ് സ്കൂൾ ലൈസൻസ് നേടിയ സ്ത്രീ എന്ന ബഹുമതിക്കർഹയായ, കൊച്ചി തോപ്പുംപടി സ്വദേശി മണിയമ്മ പ്രായത്തിന്റെ വെല്ലുവിളികൾ വക വെക്കാതെ മുന്നേറിയ കഥയാണിത്. 1981ൽ 31മത്തെ വയസ്സിലാണ് മണിയമ്മ ആദ്യമായി ലൈസൻസ് എടുക്കുന്നത്. 4 വീലർ ലൈസൻസിൽ തുടങ്ങിയ മണിയമ്മയുടെ പക്കൽ ഇന്ന് 10ലധികം ലൈസൻസുണ്ട്. പ്രായത്തിനപ്പുറം മനസ്സിന്റെ കരുതാണ് വേണ്ടതെന്ന് വലിയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്ന മണിയമ്മയെ നോക്കി ആർക്കും നിസംശയം പറയാം. ഭർത്താവ് ആരംഭിച്ച A2Z ഡ്രൈവിംഗ് സ്കൂളിന്റെ അമരക്കാരി കൂടിയാണ് ഇന്ന് മണിയമ്മ.
ലോറി ഓടിക്കാനും മറ്റും ആളുകളുണ്ടെങ്കിലും കേരളത്തിൽ അന്ന് വലിയ വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് സ്കൂളുകൾ എന്ത് കൊണ്ട് ഉണ്ടായിക്കൂടാ എന്ന ചോദ്യത്തിൽ നിന്ന് തന്റെ പേരിൽ ഒരു അപ്ലിക്കേഷൻ സമർപ്പിക്കുകയും,അത് പിന്നീട് കേരളത്തിലെ ആദ്യ ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് സ്കൂളിന്റെ തുടക്കവുമായി മാറുകയും ചെയ്തു. 4 വീലർ ലൈസൻസ് എടുത്ത് 3 വർഷം കഴിഞ്ഞാൽ മാത്രമേ ആ കാലത്ത് ഹെവി ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളൂ എന്ന കാരണത്താലാണ് മണിയമ്മ ആദ്യം 4 വീലർ ലൈസൻസ് എടുക്കുന്നത്. അപകടകരമായ രാസവസ്തുക്കൾ,പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയ വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഹസാർഡസ് ലൈസൻസ് വരെ മണിയമ്മയുടെ പക്കലുണ്ട്. അതിനിടയ്ക്ക് കളമശ്ശേരി പോളി ടെക്‌നിക്ക് കോളേജിൽ നിന്ന് ഓട്ടോ മൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മണിയമ്മ നേടി.
ആലപ്പുഴ അരൂക്കുറ്റി നാട്ടുക്കാരിയായ മണിയമ്മ, ട്രാൻസ്പോർട്ട് കമ്പനി ഉടമയായ ടി.വി ലാലന്റെ ഭാര്യയായത്തോടെ 1967ലാണ് കൊച്ചിയുടെ മരുമകളാകുന്നത്. എസ്.എസ്.എൽ.സി വിദ്യാഭ്യാസം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്ന മണിയമ്മയെ ഭർത്താവാണ് വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നത്. 1978ൽ ലാലൻ ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയതോടെ ഓട്ടോറിക്ഷയും ജീപ്പും ടെമ്പോയുമൊക്കെ ഓടിക്കാൻ പഠിച്ച മണിയമ്മ 38മത്തെ വയസ്സിലാണ് ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത്. ഹെവി വാഹന ലൈസൻസിന് പരിശീലനം നൽകി ടെസ്റ്റിന് സൗകാര്യമൊരുക്കുന്ന സ്ഥാപനം സ്വന്തം നിലയ്ക്ക് തുടങ്ങാൻ ശ്രമം തുടങ്ങിയെങ്കിലും കടമ്പകൾ ഏറെ നേരിട്ടു.
നിലവിൽ 2 വീലർ മുതൽ ക്രയിനിൽ വരെ പരിശീലനം നൽകി ലൈസൻസിന് അവസരമൊരുക്കുന്ന സ്ഥാപനമാണ് മണിയമ്മയുടേത്. 2004ൽ ഭർത്താവിന്റെ അപകട മരണത്തോടെയാണ് സ്കൂളിന്റെ പൂർണ്ണ ചുമതല മണിയമ്മ ഏറ്റെടുക്കുന്നത്. അങ്ങനെ ആത്മവിശ്വാസത്തോടൊപ്പം സ്ഥാപനവും വളർന്നു. എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളിലായി ഇന്ന് A2Z ഡ്രൈവിംഗ് സ്കൂളിന് 20ലധികം സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ കൊല്ലം ഡൽഹിയിൽ വെച്ച് നടന്ന ജെ.സി.ബി എക്സ്പോയിൽ അതിഥിയായി പങ്കെടുത്ത മണിയമ്മ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയിൽ നിന്ന് നേരിട്ട് പ്രശംസ ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്. നിർമാണ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുമായി ബന്ധപ്പെട്ട എക്സ്പോയിൽ ഏറ്റവും ന്യൂതനമായ ഇലെക്ട്രിക്കൽ ജെ.സി.ബി പ്രദർശിപ്പിച്ച്, സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് മണിയമ്മ.
ഹെവി തൊഴിലവസരണങ്ങൾ ഏറെയുള്ളതിനാൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് വരണമെന്നുള്ളതാണ് മണിയമ്മയുടെ ആഗ്രഹം. ലൈസൻസുകൾ നേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വനിതകൂടിയാണ് മണിയമ്മ. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസ്സമല്ല എന്ന തിരിച്ചറിവ് മണിയമ്മയുടെ ജീവിതം നമുക്ക് മുന്നിൽ വെക്കുന്നുപ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ നേരിടുന്ന മണിയമ്മ യാത്രകൾ ഇന്ന് ഇരു ചക്ര വാഹനത്തിലാണ് .