ജോലി കഴിഞ്ഞാൽ റൂമിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഗൾഫ് മലയാളികൾക്കിടയിൽ ബബിത ഓടുന്നത് നേരെ മോർച്ചറിയിലേക്കാണ്; അതും ജീവിതത്തിൽ ഇന്നേ വരെ കാണാത്തവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാൻ. ഏത് രാജ്യക്കാരുടെയാണെങ്കിലും മൃതദേഹം കുളിപ്പിച്ച ശേഷം മാത്രമേ ബബിത എന്ന ഏറ്റുമാനൂർക്കാരി വീട്ടിലേക്ക് മടങ്ങുകയുള്ളൂ.
തന്റെ സഹോദരിയുടെ ഭർതൃ പിതാവിന്റെ ശവശരീരം കുളിപ്പിച്ച് കൊണ്ടാണ് ബബിത ഈ സേവനത്തിലേക്ക് കടക്കുന്നത്. പ്രിയപെട്ടവരുടെ ചേതനയറ്റ ശരീരം നാട്ടിലുള്ളവർ കാണുമ്പോൾ നന്നായിരിക്കട്ടെ എന്ന ചിന്തയിലാണ് ഈ സേവനത്തിനായി തയ്യാറായത്. വിവാഹത്തിന് പിന്നാലെ 2003ൽ ഖത്തറിലെത്തിയ ബബിത 11 വർഷം മുൻപ് പ്രതിഫലം പ്രതീക്ഷിക്കാതെ തുടങ്ങിയ സേവനം ഒരു പതിറ്റാണ്ട് പിന്നിടുന്നു.
ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന വീട്ടുകാർക്ക് മുന്നിലേക്ക് മൃതദേഹം കൊണ്ടെത്തിക്കുമ്പോൾ തിരിച്ചറിയാനാകാത്ത വിധം വികൃതിതമാകരുതെന്ന് ബബിതയ്ക്ക് നിർബന്ധമുണ്ട്. 20 വർഷത്തിലേറെയായി ഖത്തർ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ബബിത, 4 മക്കളുടെ മാതാവ് കൂടിയാണ്. ഏത് തിരക്കിനിടയിലാണെങ്കിലും ഒരു വിളിക്കപ്പുറം മോർച്ചറി സേവനത്തിന് ദേശമോ ഭാഷയോ നോക്കാതെ ബബിതയുണ്ടാകും.
ലോകത്തെ മഹാമാരി കീഴടക്കിയ സമയത്ത് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കാതെ വന്നപ്പോൾ മൃതദേഹങ്ങൾ കുളിപ്പിച്ച് വൃത്തിയാക്കി സെമിത്തേരിയിൽ എത്തിക്കാൻ വരെ ബബിതയ്ക്ക് കഴിഞ്ഞു. ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മൃതദേഹങ്ങൾ കുളിപ്പിക്കുമ്പോൾ മനസ്സ് പതറാതെ കൈകാര്യം ചെയ്ത ബബിതയെ വേദനിപ്പിച്ചത് തന്റെ പിതാവിനെ കുളിപ്പിച്ച് യാത്രയാക്കിയപ്പോൾ മാത്രമാണ്. മനുഷ്യത്വത്തിന്റെ അവശിഷ്ടങ്ങൾ മറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കെല്ലാവർക്കും ഓർത്തിരിക്കാൻ ബബിതയെ പോലെ ഒരുപാട് പേര് ഇനിയുമുണ്ടാകട്ടെ എന്ന നമുക്ക് ആശിക്കാം !