തന്റെ എഴുപത്തഞ്ചാം വയസ്സിൽ ഒരു ഇൻഡസ്ട്രിയെ ഒന്നടങ്കം ഇളക്കിമറിച്ച് തലൈവർ രജനികാന്ത് ‘കൂലി’യായി വരുമ്പോൾ ആരാധകർകു പ്രതീക്ഷകളേറെയാണ്. അഞ്ച് പതിറ്റാണ്ടായി തമിഴ് സിനിമയുടെ തലൈവറായ സ്റ്റൈൽ മന്നൻ, ഹോളിവുഡ് സങ്കൽപ്പങ്ങളെ പോലും മാറ്റിമറിച്ച ലോകേഷ് കനകരാജിനൊപ്പം എത്തുന്നതോടെ സിനിമാലോകം ആവേശത്തിലാണ്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (LCU) വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ചിത്രത്തിന് LCU-മായി ബന്ധമില്ലെന്ന് സംവിധായകൻ പലതവണ പറഞ്ഞിട്ടും, ഈ കണക്ഷൻ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ട്രെയിലറിനൊപ്പം പുറത്തിറങ്ങിയ ഫാൻ തിയറികളും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.
ഹോളിവുഡിൽ നിന്ന് ആമിർ ഖാൻ, ടോളിവുഡിൽ നിന്ന് നാഗാർജുന, കന്നഡയിൽ നിന്ന് ഉപേന്ദ്ര, മോളിവുഡിൽ നിന്ന് സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നു. സൗബിൻ അഭിനയിച്ച ‘മോണിക്ക ‘ എന്ന് തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ജയിലറിലെ വിജയത്തിന് ശേഷം രജനികാന്ത് വീണ്ടും എത്തുന്നത് ഇരട്ടി ആവേശത്തിലാണ്. കൂലിയുടെ ഡബ്ബിംഗിന് ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും, ‘ദളപതി’ സിനിമ കണ്ടപോലെ തോന്നിയെന്ന് മണിരത്നം പറഞ്ഞെന്നും ലോകേഷ് പങ്കുവെച്ചിരുന്നു.
കൂലിയുടെ പ്രീ-ബുക്കിംഗ് റെക്കോർഡുകൾ തകർക്കുകയാണ്. നോർത്ത് അമേരിക്കയിൽ 3 മില്യൺ ഡോളർ നേടി, വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ് തലൈവർ തകർത്തിരിക്കുന്നത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും.