സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പരം സുന്ദരി’ എന്ന ഹിന്ദി ചിത്രം ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിൽ ജാൻവി അവതരിപ്പിക്കുന്ന മലയാളി കഥാപാത്രം സംസാരിക്കുന്ന മലയാളമാണ് വിമർശനങ്ങൾക്ക് പ്രധാന കാരണം. ട്രെയിലറിലെ ജാൻവിയുടെ സംഭാഷണം ഒരു സാധാരണ മലയാളിക്ക് പോലും മനസ്സിലാകുന്നില്ലെന്നും, കഥാപാത്രത്തിന്റെ തനിമ ചോർന്നുപോയെന്നും വ്യാപകമായ അഭിപ്രായമുയർന്നു.
ജാൻവിക്ക് പകരം ഒരു മലയാളി നടിയെ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ഡബ്ബിങ്ങിന് ഒരു മലയാളി ആർട്ടിസ്റ്റിനെ ആശ്രയിക്കുകയോ ചെയ്യാമായിരുന്നു എന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ നടി പവിത്ര മേനോൻ പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. മലയാളികൾക്ക് ഹിന്ദി നന്നായി സംസാരിക്കാൻ അറിയാമെങ്കിൽ എന്തുകൊണ്ട് ബോളിവുഡ് താരങ്ങൾക്ക് മലയാളം പഠിച്ചുകൂടാ എന്നായിരുന്നു അവരുടെ ചോദ്യം , പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോ കോപ്പി റൈറ്റ് പ്രശ്നം പറഞ് നീക്കം ചെയ്തിരിക്കുകയാണ് നിർമാതാക്കളായ മാഡോക് ഫിലിംസ് , ഈ വിഷയം ബോളിവുഡിൽ പോലും വലിയ ചർച്ചയാക്കി മാറ്റി.
നേരത്തെ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം ഇറങ്ങിയപ്പോഴും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ആ സിനിമയിലെ നായികയുടെ മലയാളം ഉച്ചാരണവും വസ്ത്രധാരണ രീതികളും വിമർശിക്കപ്പെട്ടിരുന്നു. ഒരു കഥാപാത്രം അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും കൃത്യമായിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ വിവാദങ്ങൾ എല്ലാം ഓർമ്മിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വാഭാവികത നിലനിർത്താൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രേക്ഷകർ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നു.