നമ്മുടെ എല്ലാവരുടെയും ഇഷ്ട്ട വിഭവം അല്ലെ ബിരിയാണി? അത് വീട്ടിലിരുന്ന് വിറ്റ് പൈസ ഉണ്ടാക്കുന്നതിനെ പറ്റി നമ്മളിൽ കുറച്ച് പേരെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ… അങ്ങനെ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി തിരുവനന്തപുരത്ത് ‘yummy spot’ എന്ന പേരിൽ ക്‌ളൗഡ് കിച്ചൻ നടത്തുകയാണ് നാജിയ ഇർഷാദ്. യാതൊരു മുതൽ മുടക്കുമില്ലാതെയാണ് ശ്രീക്കാര്യത് ഇങ്ങനെയൊരു സംരംഭത്തിന് നജിയ തുടക്കമിടുന്നത്. മകൻ കുഞ്ഞായിരുന്നപ്പോൾ വാഴയ്ക്ക കുറുക്ക് കൊടുക്കുന്ന പതിവുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള വാഴ തോട്ടത്തിനുടമസ്ഥൻ, മകനായി ഒരു വാഴക്കുല കൊടുത്തതിൽ നിന്നാണ് എന്തു കൊണ്ട് അത് മറ്റുള്ളവർക്ക് പ്രയോജനമാകും വിധം പുതിയൊരു തുടക്കമാക്കിയെടുത്ത് കൂടാ എന്ന് ആലോചിക്കുന്നത്. സി.എ. പഠനം ഇടയ്ക്ക് വെച്ച് മുടങ്ങിയതും, പ്രസവാനന്തര വിഷാദവും നാജിയയെ അലട്ടി തുടങ്ങിയതോടെ അതിൽ നിന്ന് പുറത്തു വരണം എന്ന ആഗ്രഹത്തിൽ നിന്നാണ് ബിസിനസ് സ്റ്റാർട്ട് ചെയ്യണം എന്ന ചിന്തയിലേക്കെത്തുന്നത്.
തന്റെ ഓർമകളെല്ലാം ഭക്ഷണത്തെ കുറിച്ചായത് കൊണ്ട് ഏത് തരത്തിലുള്ള ബിസിനസ് ചെയ്യണം എന്ന നാജിയയുടെ ചിന്തയും ഭക്ഷണത്തിൽ തന്നെയാണ് വന്നെത്തിയത്. അങ്ങനെ അയൽവാസി നൽകിയ വാഴക്കുലയിൽ നിന്ന് തന്നെ പോലുള്ള അമ്മമാർക്ക് ഉപയോഗ പ്രദമാകും വിധം ഏത്തയ്ക്ക പൊടിയുണ്ടാക്കി. ‘Eat@Tvm’ എന്ന ഫേസ്ബുക്ക് പേജ് വഴി അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അതിൽ നിന്ന് 200 രൂപ വരുമാനം നേടി. പക്ഷേ മാറുന്ന കാലാവസ്ഥക്കനുസരിച്ച് ആ ബിസിനസ് മുന്നോട് കൊണ്ട് പോകാൻ പറ്റാതെ നിർത്തേണ്ടി വന്നു. എന്നാൽ നിർത്തി അടുത്ത ദിവസം തന്നെ മറ്റൊരു ആശയത്തിലെത്തി. എന്ത് കൊണ്ട് ഗൃഹാതുരത്വവുണർത്തുന്ന പൊതിച്ചോർ വിപണിയിലേക്ക് എത്തിച്ച കൂടാ എന്ന് !
ഏത്തയ്ക്ക പൊടി വിറ്റ് കിട്ടിയ 200 രൂപയിൽ തുടങ്ങിയ പൊതിച്ചോർ വിപണി പതിയെ ജനങ്ങൾ ഏറ്റെടുത്തെങ്കിലും താൻ ആഗ്രഹിച്ച വളർച്ചയിലേക്കെത്തിയില്ല. തളർന്നിരിക്കാനും തകർന്നിരിക്കാനും മനസ്സില്ലാതിരുന്ന നജിയ തിരുവനന്തപുരത്തിന് സ്വന്തമായി ഒരു ബിരിയാണി സ്റ്റൈൽ തന്നെയുണ്ടാക്കി. തിരുവനന്തപുരം ബിരിയാണിയും തലശ്ശേരി ബിരിയാണിയും കൂട്ടി ചേർത്ത് മഹാരാജ ബിരിയാണി എന്ന ബ്രാൻഡ് തന്റെ ക്‌ളൗഡ് കിച്ചനിലൂടെ ആരംഭിച്ചു. അങ്ങനെ മഹാരാജ ബിരിയാണി,ഹരിയാലി ബിരിയാണി എന്ന പുതുമയാർന്ന രുചിക്കൂട്ട് യമ്മി സ്‌പോട്ടിലൂടെ പിറവി കൊണ്ടു. തിരുവന്തപുരത്തുകാർ അത് ഏറ്റെടുത്തതോടെ തന്റെ ബിസിനസ്സും വളർന്നു. വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി എന്നതായിരുന്നു നാജിയയുടെ ബിരിയാണിയെ മറ്റു ബിരിയാണികളിൽ നിന്ന് വേറിട്ട് നിർത്തിയത്.
പതിയെ കോവിഡ് കാലം വന്നെത്തി. എങ്ങനെ മുന്നോട്ട് പോകും എന്ന് ശങ്കിച്ചിരുന്ന സമയത്തും ജനങ്ങൾ വലിയ പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചു. ക്‌ളൗഡ് കിച്ചൻ,ഹോം ഷെഫ് എന്ന നാമങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ തന്റെ ബിരിയാണി രുചിയും കൂടുതൽ ആളുകളിലേക്കെത്തി. ബിരിയാണി വിപണി കൂടിയതനുസരിച്ച് തന്റെ ബിസിനസ്സും പ്രതീക്ഷക്കൊത്ത് വളർന്നു. സി.എ പഠനത്തിനിടയ്ക്ക് തുടങ്ങിയ ഭക്ഷണ വിപണി കാരണം ഒരുപാട് പരിഹാസങ്ങളും, കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ സ്വയം പ്രാപ്‌തി നേടിയെടുക്കാൻ 30 വയസ്സിനുള്ളിൽ നാജിയക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്. അത് കൊണ്ട് തന്നെയാണ് ‘ബെസ്ററ് ബിരിയാണി ഇൻ ട്രിവാൻഡറും’,’ഇൻസ്പിറേഷനാൽ വുമൺ ഇൻ ബിസിനസ് വേൾഡ്’ എന്നീ അവാർഡുകൾ ഈ കൊട്ടാരക്കര സ്വദേശിയെ തേടിയെത്തിയത്.
ബിസിനെസ്സിൽ പിതാവിന്റെ തകർച്ചയാണ് നാജിയയുടെ പാഠങ്ങൾ. യാതൊരു മായവുമില്ലാതെ വീട്ടിലുണ്ടാക്കുന്ന പൊടികളിലാണ് ബിരിയാണി തയ്യാറാകുന്നത്. സർക്കാർ അനുശാസിക്കുന്ന എല്ലാ രീതികളും പൂർണമായി പിന്തുടരുന്ന, നാജിയയുടെ ക്‌ളൗഡ് കിച്ചണിന്റെ മഹാരാജ ബിരിയാണിക്ക് ഇന്ന് തിരുവനതപുരം നഗരത്തിൽ ആസ്വാദകരേറെയാണ്. മഹാറാണി ബിരിയാണി, ഹരിയാലി ബിരിയാണി കൂടാതെ ജിഞ്ച അച്ചാറും നാജിയയുടെ യമ്മി സ്പോട്ടിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ അഞ്ചു വർഷമായി തിരുവനന്തപുരം നഗരത്തിന്റെ പ്രിയ രുചികൂട്ടായി മാറാൻ യമ്മി സ്പോട്ടിന് കഴിഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ആർക്കും ബിസിനെസ്സിൽ മുന്നേറാൻ സാധിക്കുമെന്നതാണ് നാജിയ സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത് !