1994-ൽ കോട്ടയത്തെ ഈരാറ്റുപേട്ടയിൽ നടത്തിയിരുന്ന പലചരക്കുകടയിൽനിന്ന് മലയാളികളുടെ അടുക്കളയിലെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ അജ്മിയുടെ കഥയാണിത്. 25 കൊല്ലംകൊണ്ട് സാവധാനം വളർന്ന അജ്മി, ഇന്ന് ‘സ്‌റ്റീം മെയ്ഡ് പുട്ട് പൊടി’യിലൂടെ 100 കോടിയുടെ വിറ്റുവരവിൽ എത്തിനിൽക്കുന്നു. ഉണക്കിപ്പൊടിച്ച അരിപ്പൊടി അയൽക്കാർക്ക് നൽകി ശ്രീ അബ്ദുൾ ഖാദർ തുടങ്ങിവച്ചത് വലിയൊരു സംരംഭക യാത്രയായിരുന്നു. ഒരുപക്ഷേ, അന്ന് ആ ചെറിയ തുടക്കം ഒരു വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.
മറ്റുള്ള കമ്പനികളുടെ അരിപ്പൊടി പോലുള്ള പല ഉത്പന്നങ്ങളും കടയിൽ വിൽപനയ്ക്ക് ഉണ്ടായിരുന്നു. ചില ആഴ്ചകളിൽ കൃത്യസമയത്ത് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൊടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥ വരികയും, അത് ബിസിനസ്സിനെ വളരെ മോശമായി ബാധിക്കുകയും ചെയ്തു. അന്ന് മനസ്സിലുദിച്ച ആശയമാണ് അരിപ്പൊടി വിൽപന. അരി വൃത്തിയായി കഴുകി, സ്വന്തമായി മില്ല് ഇല്ലാത്തതിനാൽ ടൗണിൽ കൊണ്ടുപോയി പൊടിച്ച്, വറുത്ത്, തന്റെ സ്വന്തം കടയിൽ ചെറിയ രീതിയിൽ വിൽപന തുടങ്ങി.
ഉത്പന്നത്തിന്റെ ഉയർന്ന ഗുണമേന്മ കാരണം ആളുകൾക്ക് അജ്മിയുടെ ഉത്പന്നങ്ങളോടുള്ള താല്പര്യം വർദ്ധിച്ചു. ഇത് കച്ചവടത്തെ കൂടുതൽ മെച്ചപ്പെടുത്തി. പിന്നീട് അദ്ദേഹം ഒരു ബൈക്ക് വാങ്ങുകയും, അടുത്തുള്ള കടകളിലേക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കാൻ തുടങ്ങുകയും ചെയ്തു. ഇത് ബിസിനസ്സിന്റെ വ്യാപനം വർദ്ധിപ്പിച്ചു.
കുടുംബത്തിന്റെ പിന്തുണ ഈ യാത്രയിലെ ഒരു നിർണ്ണായക ഘടകമായിരുന്നു. ദമ്പതികൾ തുടങ്ങിവച്ച ഈ കൊച്ചു സംരംഭം ഒരു നാടൊട്ടാകെയും, പിന്നീട് ഒരു ജില്ലയിലേക്കും, തുടർന്ന് വിദേശരാജ്യങ്ങളിലേക്കും എത്തിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞത് സംരംഭക മികവുകൊണ്ടും, മാർക്കറ്റ് അറിഞ്ഞുള്ള വിപണന തന്ത്രം കൊണ്ടുമാണ്.
ഇന്ന്, അദ്ദേഹവും ഭാര്യയും മൂന്നു മക്കളും ചേർന്ന് കെട്ടിപ്പടുത്ത ഈ സ്ഥാപനം “അജ്മി” എന്ന വലിയൊരു ബ്രാൻഡായി വളർന്നിരിക്കുന്നു. വെറും അഞ്ച് സെന്റിൽ തുടങ്ങിയ ഈ ചെറിയ ബിസിനസ് ഇന്ന് അഞ്ച് ഏക്കറിലധികം സ്ഥലത്തേക്ക് വളർന്നു. 200-ൽ അധികം തൊഴിലാളികൾക്ക് അജ്മി ഇന്ന് തൊഴിൽ നൽകുന്നു. പുട്ടുപൊടി മാത്രമല്ല, വിവിധതരം ഉത്പന്നങ്ങൾ അജ്മി എന്ന പേരിൽ ഇന്ന് വിപണിയിൽ ലഭ്യമാണ്.