മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ കഥ ഒരിത്തിരി വ്യത്യാസമുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഇബ്രാഹിമിന്റെ പിതാവിന് മകൻ മത പ്രാവിണ്യം നേടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ മകന്റെ താല്പര്യം അതിലല്ലാത്തത് കൊണ്ട് വീട്ടിൽ നിന്ന് മാറി നിൽക്കാൻ മകനോട് പറഞ്ഞു. തുടർന്ന് 16മത്തെ വയസ്സിൽ മകൻ വീട് വിട്ടിറങ്ങി.
തന്റെ കൂട്ടുകാരന്റെ അടുത്തേക്ക് അതായത് ചെന്നൈയിലേക്ക് വണ്ടി കയറി ആ ബാലൻ. അവിടെ ജ്യൂസ് മേക്കറായി 7 മാസത്തോളം ജോലി ചെയ്‌തു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ഇബ്രാഹിം കൂട്ടുകാരൻ മുഹമ്മദ് അലിയോടൊപ്പം ‘റെഡി ടു ഇട്ട്’ ഫുഡ് ബിസിനസ്സ് ആരംഭിച്ചു. ഇറച്ചിയും മീനും കറി വെക്കാൻ പാകത്തിന് വൃത്തിയാക്കി മുറിച്ചും, മസാല തേച്ചും വിൽപ്പന തുടങ്ങി. വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും ചെയ്യണം എന്ന ആശയമാണ് ‘റെഡി ടു ഇട്ട്’ ഫുഡ് ബിസിനസ്സിൽ എത്തിയത്. പക്ഷേ വേണ്ട വിധത്തിലുള്ള സ്വീകാര്യത ബിസിനസിന് ആളുകളിൽ നിന്ന് ലഭിച്ചില്ല. അങ്ങനെ വീട്ടുകാരിൽ നിന്നും മറ്റുമായി പിരിച്ച 10 ലക്ഷത്തോളം രൂപ സംരംഭം തുടങ്ങി 1 1/ മാസത്തിനിടയിൽ കടത്തിലായി.
എന്ത് ചെയ്യണമെന്നറിയാതെ വഴി മുട്ടി നിന്ന സമയത്താണ് പത്താം ക്ലാസ്സിനൊപ്പം കൈ തൊഴിലായി അഭ്യസിച്ച തയ്യൽ ഉപയോഗപ്രദമാക്കാനിറങ്ങിയത്. തുടർന്ന് വീടിനടുത്തായി കൂട്ടുകാരനോടൊപ്പം ഒരു കടയിട്ടു. അടുത്തുള്ള വസ്ത്ര കടകളിൽ നിന്ന് ആളുകൾ തയ്യലിനായി കടയിലേക്കെത്തി. ജനശ്രദ്ധ നേടി തുടങ്ങിയതോടെ കടയും വളർന്നു. പതിയെ കടങ്ങൾ വീട്ടി തുടങ്ങി. കടയിൽ 7 ജീവനക്കാരുമായി.
ലാഭം കൂടാൻ തുടങ്ങിയതോടെ നാട്ടിൽ ലീവിന് വരുന്ന പ്രവാസികൾക്ക് വണ്ടി വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ്സ് ആരംഭിച്ചു. പക്ഷേ ഇടയ്ക്ക് ചതി നേരിടേണ്ടി വന്നതോടെ നാട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വന്നു. പ്രതിസന്ധികളിൽ കൂടെ നില്ക്കാൻ ഒരുപറ്റം സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നത് തുണയായി. 40 ദിവസത്തോളം ഇബ്രാഹിം നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ കൂട്ടുകാർ തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടെ നിന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം തയ്യൽ ബിസിനസ്സ് വിപുലീകരിച്ചു. കല്യാണത്തിന് വലിയ വിലയുള്ള വസ്ത്രങ്ങൾ ആളുകൾ വാങ്ങിക്കുന്നതിന് പകരം എന്ത് കൊണ്ട് റെന്റൽ ആക്കിക്കൂടാ എന്ന ചിന്തയിൽ പുരുഷന്മാരുടെ വിവാഹ വസ്ത്രണങ്ങളുടെ റെന്റൽ ഷോറൂം ‘ഡി-ഫൈൻ’ എന്ന പേരിൽ സ്വന്തം നാട്ടിൽ ഒരു സ്ഥാപനം ആരംഭിച്ചു.
സ്ഥാപനം തുടങ്ങി ഒരു മാസം തികയുന്നതിനു മുൻപ് കോവിഡ് ലോക്ക് ഡൗൺ മൂലം അടച്ച് പൂട്ടേണ്ടി വന്നെങ്കിലും ഇന്ന് കേരളത്തിന്റെ നാന ഭാഗങ്ങളിൽ നിന്ന് ആളുകൾ കടയിലേക്കെത്തുന്നു. രണ്ടാമത്തെ കട പെരിന്തൽമണ്ണയിൽ തുടങ്ങിയതോടെ ഏകദേശം 15000 ആളുകൾ ഇതിനോടകം തന്നെ ‘ഡി-ഫൈൻ’ന്റെ ഉപഭോക്താക്കളായി കഴിഞ്ഞു. ചെയ്യുന്ന കാര്യത്തിൽ സന്തോഷം കണ്ടെത്തി ചെയ്യുക എന്നുള്ളതാണ് മുഹമ്മദ് ഇബ്രാഹിമിന്റെ വിജയത്തിന്റെ ഫോർമുല.