സൗദിയിൽ സ്വർണ്ണ ബിസിനസ്സ് ചെയ്യാൻ സൗദിക്കാർക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ വിദേശികൾക്കും ഈ മേഖലയിൽ സ്ഥാനമുറപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച ഒരാളാണ് മലപ്പുറം വേങ്ങര സ്വദേശി മുബാറക്ക് മുഹമ്മദ്. പൊന്നു കൊണ്ട് വ്യാപാരത്തിന്റെ കൊടുമുടി കയറിയിറങ്ങുന്ന ‘ബൽകീസ്’ എന്ന സ്വർണ്ണ ലോകത്തിന്റെ ഉടമസ്ഥൻ.
ഒരു കാലത്ത് തദേശികൾക്ക് മാത്രം ആധിപത്യമുണ്ടായിരുന്ന സൗദി അറേബ്യയുടെ പൊന്നിന്റെ മേഖലയിൽ നിക്ഷേപകർക്ക് അവസരം തുറന്നപ്പോഴും സ്വർണത്തിന്റെ ലോകത്തേക്ക് നിക്ഷേപക ലൈസൻസ് ലഭിക്കാൻ എളുപ്പമായിരുന്നില്ല. അങ്ങനെ വഴികളേറെ താണ്ടി സ്വർണത്തിന്റെ മേഖലയിൽ സൗദിയിൽ ഒരു മലയാളി സ്വർണ്ണ കട തുടങ്ങി. അതാണ് ബൽകീസ് ഗോൾഡ്.
വർഷങ്ങൾക്ക് മുൻപ് സൗദിയിലെ സ്വർണ്ണ മേഖലയിൽ ആദ്യം കാലുറപ്പിച്ചത് മുബാറക്കിന്റെ പിതാവ് മുഹമ്മദായിരുന്നു. 2016ൽ പഠനത്തിനു ശേഷം സൗദിയിലെത്തിയ മുബാറക്ക് ഒർണമെന്റൽ മേഖലയിൽ താല്പര്യ കുറവ് കാരണമാണ് സ്വർണത്തിന്റെ ട്രേഡിങിലേക്ക് ഇറങ്ങുന്നത്. വാറ്റ് ബാധകമല്ലാത്ത സ്വർണ ബിസിനസ്സ് മേഖലയിലേക്കാണ് മുബാറക്ക് കാലെടുത്ത് വെച്ചത് അഥവ ഗോൾഡ് ട്രേഡിങ്ങിലേക്ക്.
ഒർണമെന്റൽ ബിസിനസ്സ് പോലെ ടാക്സ് ഇല്ല, ഗോൾഡ് ബാർ ആയത് കൊണ്ട് ലിക്വിഡ് കാശിന്റെ അതെ പോലെ ഏത് നേരവും വിൽക്കാൻ സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഏത് സമയവും എവിടെയും കൊണ്ട് കൊടുത്താൽ വിൽക്കാൻ സാധിക്കും. കൈയിൽ കാശുണ്ടെങ്കിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്നതും നാട്ടിൽ കൊണ്ട് പോകാൻ പറ്റുന്നതും ഗോൾഡ് ബാർ ആണ് എന്നതാണ് മുബാറക്കിന്റെ അഭിപ്രായം. ലാഭമേറെയുള്ള മേഖലയായതിനാൽ സൗദികൾ കൂടുതൽ ഇറങ്ങുന്നത് ഈ മേഖലയിലാണ്.
സ്വർണ്ണത്തിലൂടെ ലാഭമുണ്ടാക്കാൻ പറ്റുന്ന ഈ മേഖലയിൽ സൗദിയിൽ നിക്ഷേപക ലൈസൻസുള്ള മലയാളി സാന്നിധ്യം കുറവാണ്. ദുബൈയെ അപേക്ഷിച്ച് സൗദിയിൽ നിക്ഷേപക ലൈസൻസ് കിട്ടാൻ പാടാണ്. ലാഭം ഏറെയുള്ള ഈ മേഖലയിൽ മതിയായ അറിവില്ലാത്തത് കൊണ്ടാണ് നിക്ഷേപണത്തിന് മലയാളികൾ ഇറങ്ങാൻ മടിക്കുന്നത്.
സൗദിയിലെ പ്രീമിയം റസിഡന്റ് കൂടിയാണ് മുബാറക്ക്. പ്രതിസന്ധികൾ മനസ്സിലാക്കി കൃത്യമായി മുന്നേറാനും ഗവണ്മെന്റ് പോളിസികളിലെ മാറ്റങ്ങൾ മനസ്സിലാക്കാനുമുള്ള കഴിവ് മുബാറക്കിന്റെ ഈ മേഖലയിലെ നേട്ടത്തിന് കാരണമായി. ഈ മേഖലയിലെ നേട്ടങ്ങൾ കൊണ്ടും നിക്ഷേപക ലൈസൻസ് ഉപയോഗിച്ചും വൈവിധ്യമാർന്ന മേഖലകളിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയാണ് മുബാറക്ക്.