എറണാകുളം ജില്ലയിലെ മുവാറ്റുപുഴ സ്വദേശി ആൽഫിയ ജെയിംസ് മലയാളികൾക്ക് സുപരിചിതയാണ്. ബാസ്കറ്റ്ബോൾ കോർട്ടിൽ തിളങ്ങി നിന്നിരുന്ന ആൽഫിയയെ ജീവിതം ചക്ര കസേരയിൽ പിടിച്ചിരുത്താൻ ശ്രമിച്ചെങ്കിലും ചക്ര കസേരയ്‌ക്കൊപ്പം കോർട്ടിലേക്ക് കുത്തിക്കാനായിരുന്നു ആൽഫിയയുടെ തീരുമാനം. ചക്ര കസേരയിൽ ജീവിതം മുന്നോട്ട് നീക്കാൻ തുടങ്ങിയപ്പോഴും നിരുത്സാഹപ്പെടുത്തിയവർക്ക് ദുബൈയിൽ സ്വപ്ന തുല്യമായ ജോലി വാങ്ങി കൊണ്ടാണ് ആൽഫിയ മറുപടി നൽകിയതും.
ബാസ്കറ്റ്ബോൾ കോർട്ടിൽ പന്തുകൾ പായിച്ച് പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിനും രാജ്യത്തിനും പ്രതീക്ഷയായി മാറിയ മുവാറ്റുപുഴക്കാരി പതിനാറാം വയസ്സിലാണ് ഹോസ്റ്റലിൽ നിന്ന് വീണ് വീൽചെയറിലായത്. നടക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോഴും ഒതുങ്ങി കൂടില്ല എന്ന തീരുമാനത്തിലെത്താൻ നേടിയെടുത്ത ആത്മധൈര്യം ഇന്ന് അവളുടെ സ്വപ്നങ്ങൾക്ക് ചിറക് പകരുന്നു. സ്വപ്‌നങ്ങൾ നേടിയെടുക്കണം എന്ന നിശ്ചയദാർഢ്യം അവളെ വേദികളിൽ നിന്ന് വേദികളിലെത്തിച്ചു.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ ജയിംസിന്റെ വിയോഗത്തെ തുടർന്ന് അമ്മയ്ക്കും സഹോദരനും തണലാകണം എന്ന കരുതിയിരിക്കുമ്പോഴാണ് ആൽഫിയയെ വീഴ്ചയുടെ രൂപത്തിൽ വിധി വേട്ടയാടുന്നത്. ചെറുപ്പത്തിലെ സ്പോർട്സിൽ അഭിനിവേശം അറിയിച്ച ആൽഫിയയ്ക്ക് വീഴ്ചയെ തുടർന്ന് ബാസ്കറ്റ്ബോൾ കളിയ്ക്കാൻ സാധിക്കാതെയായി. തുടർന്ന് പാര-സ്പോർട്സിനെ കുറിച്ച് അറിഞ്ഞതോടെ അതിനു വേണ്ടി പരിശ്രമം തുടങ്ങി.
കേരളത്തിൽ പാരാ-ബാഡ്മിന്റൺ പരിശീലന കേന്ദ്രങ്ങൾ ഇല്ലാതിരുന്നിട്ടും പരിശീലകൻ ബാല സ്വന്തം നിലയിൽ പരിശീലനം നടത്തി കൂടെ നിന്നു. പങ്കെടുത്ത ആദ്യ ചാമ്പ്യൻഷിപ്പിൽ ഇരട്ടി സ്വർണം നേടി അൽഫിയ ചരിത്രം സൃഷ്ടിച്ചു. ദേശീയ പാരാലിഫ്റ്റിങ്ങിൽ മെഡൽ നേടി നേടുകയും ചെയ്തു. കൂടെയില്ലെങ്കിലും ജേഴ്സിയിലും മനസ്സിലും അച്ഛന്റെ പേരുമായി മുന്നോട്ട് കുതിക്കുന്നു അൽഫിയയുടെ ഒപ്പം എന്തിനും ഏതിനും അമ്മയുണ്ട്. ഇന്ന് ദുബൈയിൽ എലൈറ്റ് ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്ന ആൽഫിയയെ കമ്പനിയാണ് മത്സരങ്ങളിൽ സ്പോൺസർ ചെയ്യുന്നത്.
11 ഇന്റർനാഷണൽ മെഡലുകളുമായി വേൾഡ് റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് ആൽഫിയ ഇപ്പോൾ. ആക്സിഡന്റ് അവസരമാക്കിയെടുത്ത ആൽഫിയക്ക് കരുത്ത് പകരാൻ കൂട്ടുകാരും കൂടെയുണ്ട്. 2028ലെ പാരാ-ഒളിമ്പിക്സിൽ മെഡൽ നേടുക എന്നതാണ് ആൽഫിയയുടെ അടുത്ത സ്വപ്നം. ആരും തകർന്ന് പോകുന്നിടത്ത് നിന്ന് ഉയിർത്തെഴുന്നേറ്റ ആൽഫിയയുടെ അടുക്കലേക്ക് വിധി ഇനി ഏതു രൂപത്തിൽ വന്നാലും നെഞ്ചും വിരിച്ചു നിൽക്കും എന്ന് സാരം!