ശാലിൻ എലിസ് എബി എന്ന പേര് കേൾക്കുമ്പോൾ ഒരൊറ്റ പേരാണെന്ന് തോന്നുകയാണെങ്കിൽ തെറ്റി. ജീവിത യാത്രയിൽ ഒറ്റ പെട്ടു പോയപ്പോൾ മക്കളോടൊപ്പം പൊരുതി മുന്നേറി പിന്നീട് മക്കൾ അമ്മയെ നയിച്ചതിന്റെ പ്രതീകമായാണ് അമ്മയുടെ പേരിനൊപ്പം മക്കളായ എലിസിന്റെയും എബിയുടെയും പേരുകൾ ചേർത്തിരിക്കുന്നത്. 2021ലാണ് ശാലിൻ ജീവിതത്തിൽ സംരംഭക വേഷമണിയുന്നത്.
ബിസിനസ്സ് സംബന്ധമായി യാതൊരു അറിവുകളുമില്ലാതെ 2021 മാർച്ച് 23നാണ്, മായങ്ങളും കളറുകളൊന്നും ചേർക്കാതെ ലൈവായി പഴങ്ങൾ കൊണ്ട് നിർമിക്കുന്ന ‘ഐ ഫ്രൂട്ട്സ്’ എന്ന ഐസ് ക്രീം സംരംഭം തുടങ്ങി കൊണ്ട് ശാലിൻ സംരംഭകയായി മാറുന്നത്. നിർഭാഗ്യവശാൽ ലോക്ക് ഡൗൺ കാരണം ഉദ്ഘാടന ദിവസം തന്നെ ആ സ്വപ്നത്തിന് താഴിടേണ്ടി വന്നു. 18 ലക്ഷം രൂപ ലോണെടുത്ത് കൊണ്ടാണ് ‘ഐ ഫ്രൂട്സ്’ ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം സംരംഭം വീണ്ടും തുടങ്ങിയപ്പോൾ ‘എന്റെ ചോറ്റു പാത്രം’ എന്ന ആശയം കൂടെ രൂപമെടുത്തു. കടയിൽ വന്ന 3 കുട്ടികൾ അവധി ദിവസങ്ങളിലല്ലാതെ ഉച്ചയ്ക്ക് ഊണ് കഴിക്കുന്നില്ല എന്നറിഞ്ഞത് ശാലിനെ വല്ലാതെ പ്രയാസ്സപെടുത്തി. അവർക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്ന ആലോചിച്ചപ്പോഴാണ് തന്റെ മക്കൾക്ക് ഭക്ഷണം പാകം ചെയ്യുന്നതോടൊപ്പം അവർക്ക് കൂടി ചോറ്റു പാത്രത്തിലാക്കി കൊടുത്തൂടെ എന്ന തീരുമാനത്തിലെത്തിയത്.
35 രൂപയ്ക്ക് തുടങ്ങിയ ചോറ്റുപാത്രം ഇന്ന് വിദ്യാർത്ഥികൾക്ക് 39 രൂപയിലും, വലിയവർക്ക് 49രൂപയ്ക്കുമാണ് ചോറ്റുപാത്രം ആളുകളിലേക്കെത്തുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്നതോടൊപ്പം അത് ചുറ്റുമുള്ളവർക്ക് എങ്ങനെ സഹായകരമാക്കാം എന്ന് ചിന്തിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ സംരംഭകയാണ് ശാലിൻ. ഏതൊരു ബിസിനെസ്സിലും ലാഭത്തിന്റെ തൂക്കത്തിനേക്കാൾ രാത്രിയിൽ സന്തോഷമായി സമാധാനമായി കിടന്നുറങ്ങാൻ പറ്റുന്ന സാഹചര്യമുണ്ടാക്കണം എന്ന പക്ഷമാണ് ഷാലിന്റെത്. ഗ്യാസിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും വില കയറ്റം മൂലം ചോറ്റു പത്രത്തിന്റെ വില കൂടിയെങ്കിലും 3 പേർക്ക് വേണ്ടി തുടങ്ങിയ ആ ആശയത്തിലൂടെ ഇന്ന് 100 പരം പേരുടെ വിശപ്പടക്കുന്നു. അതിൽ തിരുവനന്തപുരത്തെ പ്രമുഖ കോളേജിലെ അധ്യാപകർ, ആർ.സി.സിയിലെ ഡോക്ടർമാർ, വക്കീലന്മാർ തുടങ്ങി തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവർ വരെയുണ്ട്.
2002ൽ കാൻസർ സാധ്യത കണ്ട് ചികിത്സ തുടങ്ങിയതാണ് ശാലിൻ. നിരന്തരമായി മരുന്ന് കഴിച്ചത് മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും തന്നെ കാത്തിരിക്കുന്നവരുടെ മുഖങ്ങൾ ഓർക്കുമ്പോൾ ലഭിക്കുന്ന ആശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. ഒരു നീണ്ട സർജറി കാലയളവിന് തയ്യാറെടുത്തു കൊണ്ട് അത് അംഗീകരിക്കാൻ ഭർതൃ വീട്ടുകാരുടെ സമ്മതം തേടി വരാമെന്ന് പറഞ്ഞ ഭർത്താവ് പിന്നീട് തിരികെ വന്നില്ല. സാമ്പത്തികമായും ശാരീരികമായും മാനസികമായും പൂജ്യത്തിൽ തുടങ്ങിയ ജീവിതം മുന്നേറുമ്പോൾ മകൾ പഠിച്ച് ഡോക്ടറാവുകയും മകൻ എൻജിനീയറിങ് പഠനത്തിന് ശേഷം കൊച്ചിയിൽ സംരംഭം നടത്തുകയും ചെയ്യുന്നു.
ലോക്ക് ഡൗൺ കാലത്ത് മാസ്ക്ക് നിർമിച്ച് 40,000 ത്തോളം രൂപ സമ്പാദിച്ചതോടൊപ്പം 17 ഓളം സ്ത്രീകൾക്ക് ജോലി നൽകുവാനും ശാലിന് കഴിഞ്ഞു. തന്നോടൊപ്പം തന്റെ ചുറ്റുമുള്ളവരെയും ചേർത്ത് പിടിച്ച് മുന്നേറുക എന്നുള്ളതാണ് പ്രിയ പദ്ധതി. ‘പറയുന്നത് കേൾക്ക്, ഇതാണ് കേക്ക്’ എന്ന പ്രചാരണത്തിലൂടെ ക്രിസ്മസ് കാലമായതോടെ പ്ലം കേക്കും കൊക്കോ കേക്കും ഷാലിന്റെ രുചിയിൽ വിപണിയിലെത്തുന്നുണ്ട്. ഇതിലൂടെ പിതാവില്ലാതെ വളർന്നു വരുന്ന 30 ഓളം കുട്ടികളുടെ അമ്മമാരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. കേക്ക് സീസണിൽ മാത്രമാണുണ്ടാക്കിക്കാറുള്ളതെങ്കിലും അച്ചാറുകൾ ഇതേ ആശയം മുന്നോട്ട് വെച്ച് കാലങ്ങളായി ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ‘പെണ്മ’ എന്ന സ്ത്രീ കൂട്ടായ്മയും ശാലിൻ നടത്തി വരുന്നു.
ഒറ്റയാൾ പോരാട്ടമായി തുടങ്ങിയ ബിസിനെസ്സിൽ ഇന്ന് 9 സ്റ്റാഫുകളുണ്ട്. എല്ലാ രീതിയിലുള്ള പ്രയാസങ്ങളും നേരിട്ടപ്പോൾ സുഹൃത്തുക്കളിൽ പലരും കരുത്ത് പകർന്ന് കൂടെ നിന്നു. വാടക വീട്ടിൽ താമസിച്ചിരുന്ന ശാലിൻ ഇന്ന് ഒരേ സമയം 5 ഓളം ബിസ്സിനെസ്സുകൾ ചെയ്യുന്നുണ്ട്. അത് മൂലം പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ശാലിന് സാധിക്കുന്നു. സ്ത്രീകൾക്കും ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഒന്നും കഴിയില്ല എന്ന് കരുതി എവിടെയും പകച്ച് നിൽക്കരുതെന്നുമാണ് ശാലിൻ സ്വന്തം ജീവിതത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.