ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മനോ:ധൈര്യത്തോടെ നേരിട്ട വനിതയാണ് തൃശൂർ സ്വദേശി മിന്ന ജോസ്. ബിസിനസ് രംഗത്തേക്ക് കൈ പിടിച്ചുയർത്തി പിതാവ് മരണപ്പെടുമ്പോൾ മിന്നയ്ക്ക് വയസ്സ് 19. ഒറ്റ മകളായ മിന്നയുടെ ജീവിതം പിന്നീട് അതിജീവനത്തിന്റെ പാതയിലായിരുന്നു. മരണത്തിന് 3 മാസം മുൻപ് പിതാവ് കൈ പിടിച്ചു കയറ്റിയ വസ്ത്ര വ്യാപാരം മാത്രമായിരുന്നു മുന്നോട്ടുള്ള യാത്രയിലെ കച്ചി തുരുമ്പ്. പിതാവിന്റെ 16 ലക്ഷത്തോളമുള്ള കടങ്ങളെല്ലാം വീട്ടാൻ സ്വന്തം വീട് തന്നെ വിളിക്കേണ്ടി വന്നു മിന്നയ്ക്ക്. എറണാകുളം സെന്റ് തെരേസാസിൽ കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കിയ മിന്ന പഠനത്തിനിടയിലും കൂട്ടുകാർക്ക് വസ്ത്രങ്ങൾ വിട്ടു കൊണ്ട് വരുമാനം കണ്ടെത്തിയിരുന്നു.
ഡിഗ്രി പഠനത്തിന് ശേഷം ചെന്നൈ ലൊയോള കോളേജിൽ തുടർ പഠനത്തിനായി പ്രവേശിച്ചപ്പോഴും വസ്ത്രങ്ങളോടുള്ള പാഷൻ കൈ വിട്ടില്ല. ബംഗളൂരുവിൽ നിന്ന് ഒരു ട്രോളി ബാഗ് നിറയെ വസ്ത്രങ്ങൾ കൊണ്ട് വന്ന് വിദ്യാർത്ഥികൾക്കിടയിൽ വിട്ട് വരുമാനമുണ്ടാക്കി. ഇന്ന് ബജറ്റ് റേഞ്ചിൽ കുർത്തികൾ ലഭിക്കുന്ന കൊച്ചിയിലെ ആദ്യത്തെ സ്ഥാപനം മിന്നയുടെതാണ്. 2011ൽ എറണാകുളത്ത് ‘ദ ഡോട്ട്സ്’ എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിൽ 300ലധികം ജീവനക്കാരുണ്ട്. 800ലധികം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന സ്ഥാപനത്തിന് നിലവിൽ സൂററ്റ്, കൊൽക്കത്ത, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റിച്ചിംഗ് യൂണിറ്റുകളുണ്ട്. ഇന്ന് ‘ദ ഡോട്ട്സ്’സിന് 50 കോടി വിറ്റുവരവുമുണ്ട്.
എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗത്ത് ഹോൾസെയിൽ – റീറ്റെയ്ൽ യൂണിറ്റുകളിലായി മിന്ന സ്ഥാപനം വളർത്തിയെടുത്തു. ചെറിയ മുറിയിൽ തുടങ്ങിയ കട ഇന്ന് 5000 sq.ftറ്റായി വിപുലീകരിച്ചു. ബിസിനസിലേക്ക് കാലെടുത്തു വെക്കാൻ കൂട്ടായ പിതാവിനെ നഷ്ടപ്പെടുമ്പോൾ പകച്ചു നിൽക്കാതെ മുന്നേറിയ മിന്നയുടെ പാഠം അതിജീവനമാണ്. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ മിന്നയിലെ സംരംഭക ഒരു പാഠ പുസ്തകവും.