തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ നിലൂഫർ ഷെരീഫ് എം.ബി.ബി.എസ് ബിദുരധാരിയാണ്. തൃശ്ശൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിലൂഫർ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നപ്പോൾ വിവാഹിതയായി. അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ മകന് ജന്മം നൽകിയ നിലൂഫറിന് ഇന്റേൺഷിപ് പൂർത്തിയാക്കാൻ കാലതാമസമെടുത്തു. അതിനിടയ്ക്ക് വിവാഹ മോചിതയായി, രണ്ട് വയസുള്ള മകനെയും കൊണ്ട് മാതാപിതാക്കളോടൊപ്പം താമസം തുടങ്ങേണ്ടി വന്നു.
വിവാഹത്തിൽ നിന്ന് വേർ പിരിഞ്ഞ ശേഷം ‘നിന്നെ കൊണ്ട് പത്ത് രൂപ ഉണ്ടാക്കാൻ സാധിക്കുമോ’ എന്ന ചോദ്യത്തിൽ തുടങ്ങിയ യാത്ര ഇന്ന് എത്തി നിൽക്കുന്നത് 100 രൂപ ഉണ്ടാക്കി എന്ന ഉത്തരത്തിലാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉപ്പയുടെ ആ ചോദ്യം നിലൂഫറിനെ വല്ലാതെ അലട്ടി, ആ സ്പാർക്കിൽ സാമ്പത്തിക സ്വാതന്ത്രം എന്ന തിരിച്ചറിവ് ഉന്നതിയിലേക്കെത്താൻ ഊർജം നൽകി. പിന്നീട് ഇന്റേൺഷിപ് പൂർത്തിയാക്കിയ നിലൂഫർ യു.കെയിൽ നിന്ന് എം.എസ് സി ഡെർമറ്റോളജി, യു.എസിൽ കോസ്‌മെറ്റോളജി & കോസ്മെറ്റിക് കെമിസ്ട്രി എന്നിവയിൽ പഠനം പൂർത്തിയാക്കി. തിരിച്ച് നാട്ടിലെത്തി മാതാവിന്റെ തൃശ്ശൂരിലെ സലൂണിൽ റിസെപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചു.
സലൂണിലെ ജോലിക്കിടയിലാണ് സൗന്ദര്യത്തിന് സാധാരണക്കാർ എത്രത്തോളം പ്രാധാന്യം നല്കുന്നുണ്ടെന്ന് നിലൂഫർ തിരിച്ചറിഞ്ഞത്. അങ്ങനെ തന്റെ ഈ മേഖലയിലേക്കുള്ള കാൽ വെപ്പ് മാതാവിന്റെ സലൂണിൽ ഒരു റൂം കൈയേറി ആരംഭിച്ചു. പ്രശസ്തിയാർജ്ജിക്കാൻ തുടങ്ങിയതോടെ സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി പേർ വന്നു, പിന്നീട് ഒരു റൂം എന്നത് 1000 sq.ftൽ പുതുക്കി. സലൂണിൽ ആളുകൾ കൂടി തുടങ്ങിയതോടെ സ്ഥലം മാറ്റി, തൃശ്ശൂരിൽ തന്നെ 2500 sq.ftൽ ‘ഹെയർ ഫെയർ’ എന്ന പേരിൽ ക്ലിനിക്ക് തുടങ്ങി. സിനിമ അഭിനേതാക്കളും മറ്റുമായിരുന്നു തുടക്കത്തിലെ നിലൂഫറിന്റെ ക്ലിനിക്കിൽ എത്തിയിരുന്നത്.
ഇന്ന് ‘Therefore I’m’ എന്ന പേരിൽ തൃശൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ക്ലിനിക്കുകളുണ്ട്. സ്വന്തമായി പ്രൊഡക്ടസ് ബ്രാൻഡിന്റെ പേരിൽ നിലൂഫർ മാർക്കെറ്റിലെത്തിക്കുന്നുണ്ട്. കേരളത്തിൽ ലംബോർഗിനിയുള്ള ഏക സ്ത്രീ സംരംഭക എന്ന പട്ടവും നിലൂഫറിന്റെ പേരിലാണ്.