21മത്തെ വയസ്സിൽ കുടുംബത്തിന്റെ കടങ്ങളെല്ലാം ചുമലിലേറ്റി മുന്നേറിയ വനിതയാണ് പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്ത് പുൽപ്പുലി ഗ്രാമ നിവാസി സരിത സഹദേവൻ. ജീവിത പ്രാരബ്ധങ്ങളിൽ മുന്നോട്ടെന്തെന്നറിയാതെ പകച്ച് നിന്നപ്പോഴും ആരുടെ മുന്നിലും തോൽക്കാൻ സരിത തയ്യാറല്ലായിരുന്നു. ഒറ്റ മകളായി ജനിച്ച സരിതയുടെ കുട്ടികാലം മുതൽ സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ അലട്ടിയിരുന്നു. അസുഖങ്ങളും കടങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന അച്ഛനെ കണ്ടാണ് സരിത വളർന്നത്. അത് കൊണ്ട് തന്നെ സരിതയ്ക്ക് ജീവിതത്തിൽ ഉയർന്ന ലക്ഷ്യബോധമുണ്ടായിരുന്നു.
മകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്ന മാതാപിതാക്കളുടെ തീരുമാനം പഠനത്തിൽ മികവ് പുലർത്തി മുന്നേറാൻ സരിതയ്ക്ക് കാരണമായി. എന്നിരുന്നാലും കളിയാക്കലും പരിഹാസവുമായിരുന്നു സരിതയുടെ ജീവിതത്തെ ചുറ്റി പറ്റിയിരുന്നത്. സ്വന്തം ബന്ധുക്കളും നാട്ടുകാരും തന്നെയായിരുന്നു ആ കൂട്ടത്തിലധികവും. അച്ഛനെന്തെങ്കിലും പറ്റിയാൽ പിന്നീടെന്ത് എന്ന അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ, കടത്തിന് പുറകെ കടവുമായി 19മത്തെ വയസ്സിൽ സരിതയെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചയച്ചു. തുടർന്ന് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകുകയും മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് താമസം മാറുകയും ചെയ്തു. അവിടെയെത്തി പി.ജി പഠനം പൂർത്തിയാക്കിയ ശേഷം അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
പതിയെ ജീവിതത്തിന്റെ താളം തെറ്റി തുടങ്ങി. ഭർത്താവിന്റെ മദ്യപാനം ജീവിതത്തെ സാരമായി ബാധിച്ചു. പിന്നീട് പ്രിയപ്പെട്ട അച്ഛനെയും നഷ്ടമായി. അച്ഛന്റെ മരണവും ഭർത്താവിന്റെ മദ്യപാനവും കാരണം പ്രയാസപ്പെട്ടിരുന്ന സരിത തന്റെ മാതാവിനെയും ചെറുമക്കളെയും കൂട്ടി തിരിച്ച് നാട്ടിലേക്ക് ട്രെയിൻ കയറി. ടിക്കറ്റ് എടുക്കാൻ പോലും പൈസ ഇല്ലാതിരുന്ന നേരത്ത് കൂട്ടുകാരായിരുന്നു സഹായമേകി കൂടെയുണ്ടായിരുന്നത്. തിരിച്ച് നാട്ടിലെത്തിയ സരിതയ്ക്ക് താമസിക്കാൻ അച്ഛന്റെ ഏക സമ്പാദ്യമായ ചോർന്നൊലിക്കുന്ന വീടായിരുന്നു കൂട്ട്. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ പി.എസ്.സി കോച്ചിങ് തുടങ്ങി. പി.എസ്.സി പരിശീലനം നടത്തുന്നവരുടെ പേടി സ്വപ്നമായ ഇംഗ്ലീഷ് ലഘുവായ ഭാഷയിൽ എടുത്ത് വിദ്യാർത്ഥികളുടെ പ്രിയ അധ്യാപികയായി മാറി. പി.എസ്.സി കോച്ചിങ് സെന്ററുകളിൽ ക്ലാസ്സെടുത്തു കൊണ്ട് 16 ലക്ഷം രൂപയുടെ കടം 3 ലക്ഷത്തിൽ കൊണ്ടെത്തിച്ചു.
21മത്തെ വയസ്സിൽ കൂടെ കൂടിയ കടങ്ങൾ വീട്ടിയ ശേഷം, തന്റെ ഏറ്റവും വലിയ ആഗ്രഹമായ സ്വന്തമായൊരു വീട് എന്ന സ്വപ്നം സരിതയുടെ 33മത്തെ വയസ്സിൽ പൂവണിഞ്ഞു. അച്ഛനെ കളിയാക്കിയവർക്കുള്ള മറുപടി എന്നവണ്ണം വീടിന്റെ പേര് ‘സഹദേവം’ എന്നാക്കി കൊണ്ടാണ് ഈ മകൾ പ്രതികാരം ചെയ്തത്. തന്റെ വീട്ടിലേക്ക് വരുന്നവർ ആദ്യം അച്ഛനെ ഓർക്കണം എന്നുള്ള വാശിയാണ് പ്രാരാബ്ധങ്ങൾക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ ഒറ്റയാൾ പോരാട്ടം നടത്തിയ സരിത എന്ന അധ്യാപികയുടെ പിന്നിലെ ശക്തിയും.