ജീവിതത്തിൽ പ്രതിസന്ധികളേറെ വരുമ്പോൾ തളർന്ന് പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിൽ നിന്നെല്ലാം ഊർജ്ജം സ്വരൂപിച്ച് തന്റെതായൊരു ഇടം കണ്ടെത്തി ‘തന്റെടി’ എന്നൊരു പേര് ചാർത്തി കിട്ടിയൊരാളാണ് തിരുവനന്തപുരം ഷൈനി. ‘കേരളത്തിലെ ബുള്ളറ്റ് ക്വീൻ’ എന്നറിയപ്പെടുന്ന ഷൈനി ‘ഡോണ്ട്ലെസ്സ് റോയൽ എക്സ്പീരിയൻസ്’ എന്ന സ്ത്രീകളുടെ ആദ്യ റോയൽ എൻഫീൽഡ് ക്ലബ്ബിന്റെ സ്ഥാപകയാണ്. സ്ത്രീകൾ ബുള്ളറ്റ് ഓടിക്കുന്നതിനോട് മുഖം തിരിച്ചു നിന്നിരുന്ന കാലഘട്ടത്തിലാണ് ഷൈനി ബുള്ളറ്റുമായി ലോകം ചുറ്റാനിറങ്ങുന്നത്. എല്ലാ എതിർപ്പുകളും തരണം ചെയ്ത് മുന്നേറാൻ ഷൈനിക്ക് കൂട്ടായത് യാത്രകളോടുള്ള ഇഷ്ടവും മാതാപിതാക്കളുമായിരുന്നു.
പ്രതികൂല ജീവിത സാഹചര്യങ്ങളിൽ നിന്ന് പറന്നുയർന്ന ഫീനിക്സ് പക്ഷി എന്ന് ഷൈനിയെ നമുക്ക് വിളിക്കാൻ സാധിക്കും. പതിനെട്ടാം വയസ്സിൽ ബന്ധുക്കളുടെ നിർബന്ധ പ്രകാരം വിവാഹം കഴിച്ച ഷൈനയ്ക്കൊരു മകനുണ്ട്. ആ ബന്ധത്തിൽ നിന്ന് ശാരീരിക-മാനസീക പിരിമുറുക്കങ്ങൾ ഷൈനിയെ അലട്ടിയപ്പോഴും തന്റെ മനോ:ധൈര്യം കൊണ്ട് ജീവിതത്തിൽ തോൽക്കാതെ മുന്നേറിയ ധീര വനിതയാണ്. കാരണം തന്റെ സുഹൃത്തുക്കളെല്ലാം പഠനത്തിൽ സമയം കേന്ദ്രീകരിച്ച സമയത്ത് ഷൈനി നേരിട്ട പീഡനങ്ങൾ വാക്കുകൾക്കതീതമാണ്. എന്നാൽ അതെല്ലാം മാറി കടന്ന് സ്വന്തം മകനെ വളർത്തുന്നതോടൊപ്പം തന്റെ സ്വപ്നങ്ങൾ കൂടെ ചേർത്ത് പിടിക്കാൻ തുടങ്ങിയതോടെ കഥയാകെ മാറി.
ബുള്ളറ്റ് റൈഡർ, കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ സ്ഥാപക,കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ബുള്ളറ്റ് ഓടിച്ചയാൾ, റൈഡർമാരുടെ സ്വപ്ന നേട്ടമായ അയൺ ബട്ട് സ്വന്തമാക്കിയവൾ തുടങ്ങി നിരവധി പട്ടങ്ങൾ ഈ യാത്രികയ്ക്ക് സ്വന്തമാണ്. ജീവിത പ്രതിസന്ധികൾ കൊണ്ട് യു.പി.യിലേക്ക് ചേക്കേറിയ ഷൈനി അധ്യാപികയായി ജോലി ചെയ്തപ്പോഴും സഹപ്രവർത്തകരുടെ പിന്തുണയോടെ കൈക്കുഞ്ഞായ മകനുമായി യാത്ര ചെയ്യാൻ സമയം കണ്ടെത്തിയിരുന്നു. 2012 മുതൽ യാത്രകളെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങി.
‘തങ്ങളെ കൂടി ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കുമോ’ എന്ന ചോദ്യമാണ് 2014ൽ പെൺകുട്ടികളെ ബുള്ളറ്റ് പഠിപ്പിച്ചു തുടങ്ങാൻ കാരണമായത്. 2016 നവംബറിലാണ് തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബായ ‘ഡോണ്ട്ലെസ്സ് റോയൽ എക്സ്പീരിയൻസ്’ രൂപം കൊണ്ടത്. റൈഡറാകാൻ ആഗ്രഹിച്ച നിരവധി പെൺമനസ്സുകൾക്ക് ആ കൂട്ടായ്മ ജീവൻ പകർന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്ത് അത്ലറ്റിക്സിൽ സജീവമായിരുന്ന ഷൈനി, മത്സരങ്ങൾക്കായി നടത്തിയ യാത്രകൾ ഏറെ ആസ്വദിച്ചിരുന്നു. അമ്മ വീടായ പൂവാറിലേക്ക് വെങ്ങാനൂരു നിന്നുമുള്ള ബസ് യാത്രകളായിരുന്നു ആദ്യത്തെ ‘സോളോ’ അനുഭവങ്ങൾ. മൊബൈൽ ഫോണുകൾ സജീവമല്ലാതിരുന്ന കാലഘട്ടത്തിലും സ്വന്തം മകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയ മാതാപിതാക്കൾ നൽകിയ കരുത്ത് ജീവിതത്തിൽ ഒരുപാട് ദൂരം താണ്ടാൻ ഷൈനിയെ സഹായിച്ചു.
സ്വന്തമായൊരു ബുള്ളറ്റ് എന്ന് യു.കെ.ജി.യിൽ കണ്ട സ്വപ്നം ഷൈനി 21മത്തെ വയസ്സിൽ നേടിയെടുത്തു. 19 വർഷമായി യാത്ര തുടരുന്ന ഷൈനിയുടെ നേട്ടങ്ങളിൽ 5 ‘ഓൾ ഇന്ത്യ ട്രിപ്കൾ : രണ്ട് സ്പിറ്റി വാലി, രണ്ട് ലേ-ലഡാക്ക്, ഒരു ആദി കൈലാഷ് യാത്ര എന്നിവയുണ്ട്. ആദി കൈലാഷിൽ വണ്ടിയോടിച്ച് കയറിയ ആദ്യ വനിതാ എന്ന ബഹുമതിയും ഷൈനി നേടിയെടുത്തു. കേരളത്തിൽ നിന്ന് സ്പിറ്റി വാലിയിലും ലഡാക്കിയിലും വണ്ടി ഓടിച്ചു പോയിട്ടുള്ള ആദ്യ വനിതയും ഷൈനി തന്നെ. ചെയ്ത ഓരോ യാത്രയിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന സന്ദേശമാണ് ഉയർത്തുന്നത്. സഹജീവികളെ ശാക്തീകരിക്കണമെന്ന ഷൈനിയുടെ ആഗ്രഹത്തിന്റെ ഭാഗമായാണ് വനിതാ ബുള്ളറ്റ് ക്ലബ്.
ചെറുപ്രായത്തിൽ ദാമ്പത്യ ജീവിതം ആരംഭിച്ച ഷൈനിക്കിന്ന് പറയാം, സ്വന്തം മകനെ വളർത്തി വലുതാക്കുന്നതോടൊപ്പം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വപ്നങ്ങൾ കൂടെ നേടിയെടുത്ത് കൊണ്ടാണ് ജീവിക്കുന്നതെന്ന്. നിലവിൽ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ ഹോൾഡറായ ഷൈനിയുടെ ജീവിതം സ്വപ്നങ്ങൾ നേടിയെടുക്കാൻ പെൺകുട്ടികൾക്ക് പ്രചോദനം കൂടെ നല്കുന്നുണ്ട്.