രാജ്യത്തെ മികച്ച കൊറിയർ സർവീസുകളിൽ നമുക്കേവർക്കും സുപരിചിതമാണ് ഡി.ടി.ഡി.സി. ഇന്ന് 2000 കോടി രൂപ മൂല്യമുള്ള ഡി.ടി.ഡി.സിയുടെ ആരംഭം ഒരു സ്വർണ വളയിൽ നിന്നാണ് എന്നുള്ളത് ഏറെ അതിശയകരമാണ്. ഡെസ്ക്.ടു.ഡെസ്ക്. കൊറിയർ & കാർഗോ എന്നാണ് ഡി.ടി.ഡി.സിയുടെ പൂർണ നാമം.
കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന സുഭാശിഷ് ചക്രവർത്തിയാണ് ഈ കൊറിയർ സർവീസിന്റെ ഏകാധിപൻ. കോളേജ് കാലത്ത് പീർലെസ് എന്ന വലിയ ഇൻഷുറൻസ് കമ്പനിയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. 1987ലാണ് ജോലി ഉപേക്ഷിച്ച് കെമിക്കൽ ഡിസ്ട്രിബൂഷൻ ബിസിനസ് തുടങ്ങുന്നത്. എന്നാൽ തപാൽ സേവന പ്രശ്നങ്ങൾ കാരണം അത് വിജയിച്ചില്ല. അതു വഴിയാണ് തപാൽ സേവനങ്ങളും, ഉപഭോക്താക്കളും തമ്മിലുള്ള വിടവ് സുബാഷിഷ് കണ്ടെത്തുന്നത്. ഇതായിരുന്നു 1990 ജൂലൈ 26ന് ഡി.ടി.ഡി.സി എന്ന കൊറിയർ സർവീസ് തുടങ്ങാനുള്ള സുപ്രധാന വഴി തിരിവ്.
ചെറിയ പട്ടണങ്ങളിൽ കൊറിയർ സർവീസിന്റെ ആവശ്യകത കൂടുതലാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1990കളിൽ വെറും 20,000 രൂപയ്ക്ക് ആരംഭിച്ച സംരംഭമാണ് ഇന്ന് വലിയ രീതിയിൽ പ്രവർത്തിക്കുന്ന ഡി.ടി.ഡി.സി. വെഞ്ച്വർ ക്യാപിറ്റൽ ഇല്ലാത്തതിനാൽ ബാങ്കുകൾ അദ്ദേഹത്തിന് വായ്പ നൽകിയിരുന്നില്ല. തുടർന്ന് അമ്മയുടെ ആഭരണങ്ങൾ വിറ്റു കൊണ്ടാണ് ഡി.ടി.ഡി.സിക്ക് തുടക്കം കുറിച്ചത്. 1991ൽ ഫ്രാഞ്ചൈസി മോഡലിലേക്ക് ആശയത്തെ സമന്വയിപ്പിച്ചതാണ് ഇന്നത്തെ വിജയത്തിലെത്താൻ കാരണമായത്.
നിലവിൽ കമ്പനി 14000 പിൻ കോഡുകളിൽ സേവനം നൽകുന്ന വമ്പൻ സാമ്രാജ്യമായി മാറി കഴിഞ്ഞു. റീറ്റെയിൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഡെലിവറി സേവനങ്ങൾ നൽകുന്നുണ്ട്. കൊറിയർ സർവീസ് എന്ന് ആലോചിക്കുമ്പോൾ ഡി.ടി.ഡി.സിയാണ് നമ്മുടെ മനസിലേക്ക് ആദ്യമെത്തുന്നത്. അത് തന്നെയാണ് കമ്പനിയുടെ വിജയവും.