മലപ്പുറത്തെ 19കാരി മറിയം ജുമാന ആകാശ ലോകത്ത് പുത്തൻ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്. മലപ്പുറം പുൽപ്പറ്റ സ്വദേശിയായ ജുമാന, പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരി കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി- ഉമൈബാനു ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെയാളാണ്. പൈലറ്റ് ആകുക എന്നുള്ളത് സാമ്പത്തികമായി എളുപ്പമല്ലായിരുന്നിട്ടും മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഏതൊരു മാതാപിതാക്കളെയും പോലെ സ്വന്തം മകളുടെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കാൻ മറിയത്തിന്റെ മാതാപിതാക്കൾ മുതിർന്നത്.
പ്ലസ് 2 പഠനത്തിന് ശേഷം തിയറി അക്കാദമിയിൽ ചേർന്ന് പഠിച്ച മറിയത്തിന്റെ പക്കലിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസുണ്ട്. ഡൽഹിയിലെ ഫ്ലൈഓല ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന മറിയം പഠനത്തിന്റെ ഭാഗമായിട്ടാണ് ഏഴ് മണിക്കൂർ വിമാനം പറത്തിയിരിക്കുന്നത്. ഇനി 200 മണിക്കൂർ വിമാനം പറത്തി പൂർത്തിയാക്കാനുണ്ട്. മലപ്പുറത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന മറിയം തന്റെ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്നങ്ങൾക്ക് പ്രായ പരിധിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. എയർപോർട്ട് വീടിനരികെയായത് കൊണ്ട് ആകാശവും വിമാനത്തിന്റെ ശബ്ദവും എന്നും മറിയത്തിനെ അമ്പരിപ്പിച്ചിട്ടുള്ളൂ. ഇഷ്ട്ടമുള്ള ജോലി ചെയ്ത് ജീവിക്കണം എന്ന താല്പര്യമാണ് മറിയത്തിന്, അത് കൊണ്ട് തന്നെ തന്റെ ആഗ്രഹങ്ങൾക്ക് പിന്നാലെ ചിറക് വെച്ച് പായാൻ യാതൊരു മടിയുമില്ല.
സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് കൈവശമുള്ള മറിയം കോമ്മേർഷ്യൽ പൈലറ്റ് ലൈസൻസ് എന്ന അടുത്ത കടമ്പയിലേക്കുള്ള പ്രയത്നത്തിലാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പൈലറ്റ് ആകണമെന്ന് ജുമാന ആദ്യമായി ആഗ്രഹിക്കുന്നത്. അതിന്റെ ആദ്യപടിയായി ഒരു വിമാനത്തെ നിയന്ത്രിക്കുന്ന മറിയത്തിന്റെ വീര്യം ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. മറിയത്തിന്റെ മാതാവ് വനിതാ ലീഗ് നേതാവും മുൻ പഞ്ചായത്തംഗവും, പിതാവ് പള്ളിയിലെ ഉസ്താദുമാണ്. റാഷിദ, മുഹമ്മദ് നൂറുൽ അമീൻ, ഫാത്തിമത്ത് സാലിഹ, അബ്ദുൽ റഹീം എന്നിവർ സഹോദരങ്ങളാണ്. ജീവിതത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ സ്വപ്നത്തിന് വേണ്ടി അധ്വാനിക്കാൻ തയ്യാറാണെങ്കിൽ അത് നേടിയെടുക്കാൻ സാധിക്കും എന്നതിന് തെളിവാണ് മറിയത്തിന്റെ ഈ വിജയം. ചെറുപ്രായത്തിൽ സ്വപനം നേടി നമുക്കേവർക്കും പ്രചോദനമേകുന്നുണ്ട് ഈ മിടുക്കി.