സ്കൂളിന്റെ പടി പോലും കാണാത്ത പരേതനായ ഉസ്മാന്റെയും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള റംലയുടെയും 4 മക്കളിൽ ഇളയ ആളാണ് ഷെറിൻ ഷഹാന. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടിയിരുന്നു കുടുംബമായതിനാൽ ആദ്യം വന്ന ആലോചനയിൽ മകളെ വീട്ടുകാർ കല്യാണം കഴിപ്പിച്ചയച്ചു. എന്നാൽ കല്യാണം കഴിഞ്ഞ് രണ്ടാം നാൾ മുതൽ ഭർതൃ പീഡനം ഷെറിനെ തളർത്തി. ഒടുവിൽ ഷെറിന് വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
2017 മേയ് 22നാണ് ഷെറിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന അപകടം സംഭവിക്കുന്നത്. അന്നായിരുന്നു പി.ജി ക്ലാസ്സിന്റെ അവസാന പരീക്ഷയും കഴിഞ്ഞെത്തിയ ഷെറിൻ,വീടിനുമുകളിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ കയറി,മഴയിൽ പതിഞ്ഞ പായലിൽ തെന്നി താഴേക്ക് വീഴുന്നത്. ആ വീഴ്ചയിൽ ശരീരം തളർന്ന ഷെറിന്റെ ജീവിതം പിന്നീട് ചക്ര കസേരയിലായിരുന്നു. ആശുപത്രിയിൽ കിടക്കുന്ന തന്നെ കാണാൻ വന്ന ഭർത്താവ് ചലന ശേഷി ഇല്ലാത്ത താനുമായി ഒരു ജീവിതം വേണ്ട എന്നും,വേറെ വിവാഹം കഴിക്കാൻ പോവുകയാണെന്നും അറിയിക്കുകയായിരുന്നു ! അത് അവർക്ക് നൽകിയ സന്തോഷം ചെറുതല്ലായിരുന്നു ! ചലന ശേഷി നഷ്ടപ്പെട്ടത് കൊണ്ടല്ലേ അങ്ങനെ ഒരു തീരുമാനം എന്നതായിരുന്നു അവളുടെ മറുചോദ്യം !
ഭർത്താവിന്റെ പീഡനത്തിൽ നിന്ന് അവർ ആശ്വാസം കണ്ടെത്തിയത് ചക്ര കസേരയിലെ ജീവിതത്തിലാണ്. ഭർതൃ വീട്ടിൽ അനുഭവിച്ച പ്രയാസങ്ങളിൽ മനക്കരുത്ത് നേടിയ അവളെ ആ അപകടം കൂടുതൽ ശക്തിയാർജ്ജിക്കാൻ സഹായിച്ചു. ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തിയ ഷെറിൻ പിന്നീട് വീട്ടു തടവറയിലായിരുന്നു. അങ്ങനെ നേരംപോക്കിനായി അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാം എന്ന തീരുമാനത്തിലെത്തി. അത് അവരുടെ ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിന്റെ ആദ്യ ശ്രമമായിരുന്നു ! അപ്പോഴാണ് പൂർണ്ണമായി കിടപ്പിലായവർക്കും സിവിൽ സർവീസ് എഴുതാൻ സാധിക്കും എന്നറിയുന്നത്. കൈ വിരലുകൾ പോലും അനക്കാൻ സാധിക്കാത്ത നീയാണോ സിവിൽ സർവീസ് എഴുതാൻ പോകുന്നത് എന്ന കളിയാക്കലുകൾ അവൾക്ക് നേടി കൊടുത്തത് 913 റാങ്കാണ്. അവിടെ നിന്ന് അവൾ പറന്നുയർന്നത് ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്ക്നൗവിലേക്കാണ്.
വയനാട് കമ്പളക്കാട് സ്വദേശിയായ അവർ,ഇന്ന് ഇന്ത്യൻ റെയിൽവേസ് മാനേജ്‌മന്റ് സർവിസിലെ എ സർവിസിൽ ട്രൈനിങ്ങിലാണ്. അടുത്ത ജൂൺ-ജൂലൈ മാസത്തിൽ സർവിസിൽ കയറാൻ സാധിക്കുമെന്നതാണ് പുത്തൻ പ്രതീക്ഷ. ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാൻ സാധിക്കാത്ത നീയാണോ ജോലി വാങ്ങിക്കുന്നത് എന്ന് തുടങ്ങി ചുറ്റ്പാട് നിന്ന് കേട്ട പരിഹാസങ്ങൾക്ക് മുകളിൽ പറന്നുയരണമെന്നതായിരുന്നു അവളുടെ ഉള്ളിലെ തീ. ചക്ര കസേരയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരുടെ സ്വപ്നങ്ങൾക്ക് പരിധിയിടുന്ന സമൂഹത്തിന് ഒരു തിരിച്ചടിയായിട്ടാണ് ഷെറിൻ സ്വപ്നങ്ങളെ കയ്യെത്തി പിടിച്ചത്. മെഴുകുതിരിയുണ്ടാക്കലും കുടയുണ്ടാക്കലുമല്ലാതെ പരിമിതികളെയും തിരിച്ചടികളെയും ഊർജ്ജമാക്കി നേടാനേറെയുണ്ടെന്ന് ഷെറിൻ ഷഹാന സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.