കൊച്ചിയിലെ 3 മുറി അപ്പാർട്മെന്റിൽ നിന്നാണ് കാസര്കോടുകാരനായ മുഹമ്മദ് ഹിസാമുദ്ധീനും തൃശൂർ സ്വദേശി രാഹുൽ രമേശും എൻട്രി ആപ്പ് എന്ന എൻട്രൻസ് കോച്ചിങ് സംവിധാനം ആരംഭിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദദാരികളായ സ്ഥാപകരുടെ കോച്ചിങ് ജീവിതം തന്നെയാണ് ഇങ്ങനൊരു ആശയത്തിന് പിന്നിൽ. ഒരു കോച്ചിങ് സെന്ററിൽ 60 വിദ്യാർത്ഥികളുണ്ടെങ്കിൽ അതിൽ ഏകദേശം 5 പേർക്ക് മാത്രമേ ആ ക്ലാസ് കൊണ്ട് ഉപകാരപ്പെടുകയുള്ളൂ എന്ന തിരിച്ചറിവാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാം എന്ന ആശയത്തിലെത്തിച്ചത്. 2015 മാർച്ചിൽ വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിച്ച 25 ലക്ഷം രൂപ കൊണ്ടാണ് കേരള മെഡിക്കൽ,എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ് എന്ന ലക്ഷ്യത്തോടെ എൻട്രി ആപ്പ് രൂപം കൊണ്ടത് .
ആപ്പ് തുടങ്ങി 6 മാസത്തിനുള്ളിൽ 1500 ഉപഭോക്താക്കളും 8 ജോലിക്കാരും ആപ്പിന്റെ ഭാഗമായി. എന്നാൽ 2016 ന്റെ തുടക്കത്തോടെ കൈയിലുണ്ടായിരുന്ന സമ്പാദ്യം തീരുകയും ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധി ആപ്പിനെ പിടികൂടുകയും ചെയ്തു. തന്റെ സമ്പാദ്യങ്ങളെല്ലാം ചേർത്ത് ആപ്പിന്റെ വളർച്ചയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും പുതിയ കോഴ്സുകൾ ആരംഭിക്കാൻ സാധിക്കാത്തത് സ്ഥിതി രൂക്ഷമാക്കി. കേരള,ഡൽഹി,മുംബൈ,ബാംഗ്ലൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം 75 ഓളം നിക്ഷേപകരെ ഹിസാം സമീപിച്ചെങ്കിലും നിരവധി കാരണങ്ങളാൽ അവർ ആരും തന്നെ എൻട്രി ആപ്പിന്റെ സ്വപ്നങ്ങൾക്ക് ചിറക് പകരാൻ തയ്യാറായില്ല.
എന്നാൽ തോൽക്കാൻ തയ്യാറല്ലാത്ത മനസ്സും നിശ്ചയദാർഢ്യവും ഹിസാമിന്റെ ശ്രമങ്ങൾക്ക് മാറ്റ് കൂട്ടി. അതേ സമയം വിവിധ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററുകൾക്ക് സംഘടകർ അപേക്ഷിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയ സ്റ്റാർട്ടപ്പ് അസിക്സിലേറ്റർ പദ്ധതികളിൽ ഒന്നായ ‘y കോമ്പിനേറ്റർ’ ന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 15000 സ്റ്റാർട്ടപ്പുകൾ അപേക്ഷിച്ചതിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 500 പേരിൽ ഹിസാമും രാഹുലുമുണ്ടായിരുന്നു. അവസാനഘട്ട ഇന്റർവ്യൂവിന് വേണ്ടി കാലിഫോർണിയയിലെ മൗണ്ടൈൻ വ്യൂ എന്ന നഗരത്തിലേക്ക് പറന്ന അവർക്ക് നിരാശരായി മടങ്ങാനായിരുന്നു വിധി. എന്നാൽ അത് കൊണ്ടൊന്നും ശ്രമങ്ങൾ അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല !
ബോസ്റ്റണിൽ ‘learn launch’ എന്ന പേരിൽ വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി നടത്തുന്ന പദ്ധതിയിൽ അപേക്ഷിച്ചു. അവിടെയും ആദ്യ ശ്രമത്തിൽ തോൽവി ഏറ്റ് വാങേണ്ടി വന്നു. പക്ഷേ വീണ്ടും അപേക്ഷിക്കാനുള്ള അവരുടെ മനോ:ധൈര്യം അവർക്ക് നേടി കൊടുത്തത് ഇന്ത്യയിൽ നിന്ന് ‘learn launch’ലേക്ക് സെക്ഷൻ കിട്ടുന്ന ആദ്യ എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പ് എന്ന ബഹുമതിയാണ്. ‘learn launch’ നീട്ടിയ 35 ലക്ഷം രൂപയുടെ സഹായഹസ്തം എൻട്രി ആപ്പിന്റെ വിധി തന്നെ മാറ്റി മറിച്ചു. മെഡിക്കൽ,എഞ്ചിനീയറിംഗ് എൻട്രൻസിന് തയ്യാറെടുക്കുന്നവരെക്കാൾ കൂടുതൽ പ്രാദേശിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണ് എന്ന കണ്ടെത്തൽ കേരള പി.എസ്.സി കോച്ചിങ് എന്ന ആശയത്തിലേക്കെത്തി. 2017 ഏപ്രിൽ വരെ 5000 ഉപയോക്താക്കളുണ്ടായിരുന്ന എൻട്രി ആപ്പിന് ആ മാറ്റം ഒരു വർഷത്തിനുള്ളിൽ 15000ലധികം ഉപയോക്താക്കളെ നേടി കൊടുത്തു. പിന്നീട് കോഡിങ്,കോമേഴ്‌സ്,ഫൈനാൻസ് എന്നി മേഖലയിലും സ്ഥാനമുറപ്പിച്ചു .
തോൽവിയിൽ പതറാത്ത മനസ്സും മുൻപോട്ട് പോകാനുള്ള ധൈര്യവുമുണ്ടെങ്കിൽ നാം ആഗ്രഹിച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നതിന് ഉത്തമോദാഹരണമാണ് കാസർഗോഡ് നിന്ന് യു.എസ്സിലെ സിലിക്കൺ വാലി വരെ പോയി നേട്ടങ്ങൾ കൊയ്തെടുത്ത മുഹമ്മദ് ഹിസാമുദ്ധീൻന്റെ എൻട്രി ആപ്പ്. ഇന്ന് ഓൺലൈനിലൂടെ പി.എസ്.സി ഉൾപ്പെടെ തൊഴിൽ പരീക്ഷകൾക്കും നൈപുണ്യ വികസനത്തിനും പരിശീലനം ഒരുക്കുന്ന സ്റ്റാർട്ട് ആപ്പാണ് എൻട്രി. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിലായി 350-ഓളം കോഴ്സുകൾ ഒരുക്കുന്നുണ്ട്. ഗൂഗിളിന്റെ ആദ്യ നിക്ഷേപകരിൽ ഒരാളായ റാം ശ്രീറാമും,ഈബേ സ്ഥാപകനായ പിയറി ഒമിഡ്യാറും ആപ്പിന്റെ നിക്ഷേപകരിലുണ്ട്. കമ്പനി തുടങ്ങി 9 വർഷം പിന്നിടുമ്പോൾ 1.5 കോടി ഉപയോക്താക്കളും 600 കോടി നേട്ടവുമായി എൻട്രി മുന്നേറുകയാണ് .